ആഞ്ഞടിച്ച് റിഷഭ്, വ്യത്യസ്ത ഷോട്ടുകളുമായി കാര്‍ത്തിക്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ തയ്യാറെടുപ്പുമായി ടീം ഇന്ത്യ
ഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരെടി20 പരമ്പരയ്ക്കൊരുങ്ങുകയാണ്് ഇന്ത്യന്‍ ടീം. ഒമ്പതിന് ദില്ലിയിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് ഇരുവരും കളിക്കുക. ഇന്ത്യന്‍ ടീമിന്റെ ക്യാംപ് കഴിഞ്ഞ ദിവസം ദില്ലിയില്‍ ആരംഭിച്ചിരുന്നു. പേസ് സെന്സേഷന് ഉമ്രാന് മാലിക്, ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് എന്നിവരുടെ തിരിച്ചുവരവ് കൂടിയാണ് പരമ്പര. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. റിഷഭ് പന്ത് വൈസ് ക്യാപ്റ്റനും. രോഹിത്തിനെ കൂടാതെ വിരാട് കോലി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്കും വിശ്രമം അനുവദിച്ചിരുന്നു. ഐപിഎല്ലില്‍ മോശം ഫോമില്‍ കളിച്ച ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പരിക്കിന്റെ പിടിയിലുള്ള സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിച്ചില്ല.
അരങ്ങേറ്റക്കാരായ അര്‍ഷ്ദീപും ഉമ്രാനും കഴിഞ്ഞ ദിവസം ദ്രാവിഡിന് മുന്നില്‍ പരിശീലനം നടത്തി. മനോഹരമായി പന്തെറിഞ്ഞ അര്‍ഷ്ദീപ് ആദ്യ ടി20യില്‍ അരങ്ങേറുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഉമ്രാനാവാട്ടെ ആവശ്യത്തില്‍ കൂടുതല്‍ അടിമേടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദ്രാവിഡിനൊപ്പം ബൗളിംഗ് കോച്ച് പെരസ് മാംബ്രെ എന്നിവരും ഉമ്രാനൊപ്പമുണ്ടായിരുന്നു.
ബാറ്റ്സ്മാന്മാരില് കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ഏറെ നേരം പരിശീലനത്തില്‍ ഏര്‍പ്പെട്ടു. ഉമ്രാന്, ആവേഷ് ഖാന്, അര്‍ഷ്ദീപ് എന്നിവര്‍ക്കെതിരെ പന്ത് സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ച് കളിക്കുകയും ചെയ്തു. കാര്‍ത്തിക് വ്യത്യസ്ത രീതിയിലുള്ള ഷോട്ടുകളാണ് പരീക്ഷിച്ചത്. ഡെത്ത് ഓവറുകളില്‍ പരീക്കാവുന്ന ഷോട്ടുകളായിരുന്നു മിക്കതും.