മുൻഗണന ശമ്പളക്കാര്യത്തിനല്ല, ജീവനക്കാർ കൃത്യമായി ജോലി ചെയ്യാത്തത് ഉത്പാദന ക്ഷമത കുറയ്ക്കുന്നു: കെഎസ്ആർടിസി ഹൈക്കോടതിയിൽ
തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനല്ല മുൻഗണനയെന്നും ജീവനക്കാർ കൃത്യമായി ജോലി ചെയ്യാത്തത് ഉത്പാദന ക്ഷമത കുറയാൻ കാരണമാണെന്നും കെഎസ്ആർടിസി ഹൈക്കോടതിയിൽ. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന സ്വകാര്യ ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസിയുടെ മറുപടി.ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്നതിനാണ് പ്രഥമ പരിഗണന. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും നിത്യചെലവിന് പണം തികയുന്നില്ല. 600 ബസുകൾ കട്ടപ്പുറത്താണ്. ഇവ നിരത്തിലിറക്കണമെങ്കിൽ ജീവനക്കാർക്ക് 12 മണിക്കൂർ ഡ്യൂട്ടി ഏർപ്പെടുത്തേണ്ട സാഹചര്യമാണ്.രക്ഷപ്പെടുത്താൻ പരിഷ്കാരങ്ങൾ കൊണ്ടു വരുമ്പോൾ ജീവനക്കാർ എതിർക്കുകയാണ്. സ്ഥാപനത്തിനൊപ്പം നിൽക്കുന്നതിന് പകരം മാനേജ്മെന്റിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ ഒക്ടോബർ മാസത്തോടെ പ്രതിമാസം 200 കോടി രൂപ ടിക്കറ്റ് വരുമാനത്തിലൂടെ കണ്ടെത്താൻ കഴിയുമെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു.