ഹിസ്ബുൾ ഭീകരനെ ബംഗളൂരുവിൽ നിന്ന് പിടികൂടി
ബംഗളൂരു: അടുത്തിടെ കാശ്മീരിൽ നടന്ന ഹിന്ദുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീർ പൊലീസാണ് താലിബ് ഹുസൈൻ എന്ന ഭീകരനെ ബംഗളൂരുവിൽ നിന്ന് പിടികൂടിയത്.
ഈ കേസുകളുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീർ പൊലീസിന് സംസ്ഥാനം എല്ലാവിധ സഹായങ്ങളും നൽകുന്നുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. കേസന്വേഷണം തുടരുകയാണ്. അതിന്റെ ഭാഗമായാണ് ഈ അറസ്റ്റും നടന്നത്. പൊലീസ് എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് ജമ്മു കാശ്മീർ പൊലീസിന് പൂർണ പിന്തുണയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഭട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരരിൽ ഒരാളെ തങ്ങൾ അറസ്റ്റ് ചെയ്തെന്നും മറ്റൊരാളുടെ പിന്നാലെയാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ഒരു സർക്കാർ ഓഫീസിൽ നടന്ന ആക്രമണത്തിൽ റവന്യൂ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ട് കൊല്ലപ്പെട്ടത്.
കൂടാതെ അമ്രീൻ ഭട്ട് കേസിലെ രണ്ട് ഭീകരരെയും പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. വിജയ് കുമാറിന്റെ കൊലപാതകത്തിലെ ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഐ ജി അറിയിച്ചു. കഴിഞ്ഞ രണ്ടിനാണ് കാശ്മീരിലെ ബാങ്ക് മാനേജറായ രാജസ്ഥാൻ സ്വദേശിയായ വിജയ് കുമാർ കൊല്ലപ്പെട്ടത്.