മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യത്തിലുറച്ച് ക്രൈം ബ്രാഞ്ച്, പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യത്തിലുറച്ച് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നും, കാർഡിലെ ഫയൽ പ്രോപ്പർട്ടീസ് പരിശോധിക്കണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ശാസ്ത്രീയ പരിശോധന നടത്താൻ നേരത്തെ വിചാരണക്കോടതി വിസമ്മതിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കി പരിശോധനയ്ക്ക് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത്.
അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണക്കോടതിയിൽ ഇന്നും വാദം തുടരും. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നും, സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചതിന് തെളിവുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.