ഹജ്ജ്: സ്ത്രീകൾക്ക് പ്രത്യേകമായി നാല് വിമാനങ്ങൾ, തീർത്ഥാടനത്തിന് തിരിക്കുന്നത് 1508 വനിതകൾ
നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്ന സ്ത്രീകൾക്കായി നാളെ മുതൽ വെള്ളിയാഴ്ച വരെ നാല് വിമാനങ്ങൾ സർവീസ് നടത്തും. നാളെ രാവിലെ 7.30നും രാത്രി 10.30നും വ്യാഴം ഉച്ചയ്ക്കുശേഷം 2.50നും വെള്ളിയാഴ്ച രാവിലെ 6.10നുമായി 1508 സ്ത്രീ തീർത്ഥാടകർ യാത്രയാകും. ഇവരോടൊപ്പം വനിതാ വാളണ്ടിയർമാരുമുണ്ടാകും.
നാളെ പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ തീർത്ഥാടകർ ഇന്നലെ ക്യാമ്പിൽ റിപ്പോർട്ട് ചെയ്തു. ഇവർക്കുള്ള മെനിഞ്ചൈറ്റിസ് വാക്സിനേഷൻ, രേഖകളുടെ കൈമാറ്റം എന്നിവ ഇന്നും നാളെയുമായി നടക്കും. വരുംദിവസങ്ങളിൽ കൂടുതലായി വനിതാ തീർത്ഥാടകർ പുറപ്പെടുന്നതിനാൽ ക്യാമ്പിൽ ഇവർക്കാവശ്യമായ കുടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടുതൽ വനിതാ വോളണ്ടിയർമാരും സേവനത്തിനുണ്ടാവും.
ഇന്നലെ 181 പുരുഷന്മാരും196 സ്ത്രീകളുമാണ് ഹജ്ജിനായി പുറപ്പെട്ടത്. സൗദി സമയം പുലർച്ചെ ഇന്ന് 2.40ന് മദീനയിലെത്തും. ഇന്നത്തെ വിമാനം ഉച്ചക്ക് ഒന്നിന് നെടുമ്പാശേരിയിൽനിന്ന് പുറപ്പെടും.
ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു
ഹജ്ജിലൂടെ വിശ്വാസികൾ ത്യാഗത്തിന്റെ നല്ല പാഠങ്ങളാണ് അനുഭവിക്കുന്നതെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫഞ്ഞു. നെടുമ്പാശേരിയിൽ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്യാഗം വിശ്വാസത്തിന് കൂടുതൽ കരുത്ത് പകരുമെന്നും തങ്ങൾ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ ഡോ. ഐ പി അബ്ദുസലാം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അസി. സെക്രട്ടറി മുഹമ്മദലി, സെൽ ഓഫീസർ എസ്. നജീബ്, കോഓർഡിനേറ്റർ മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.
ലക്ഷദ്വീപിൽ നിന്നുള്ളവർ നാളെ നെടുമ്പാശേരിയിലെത്തും
ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്നവർ നാളെ ഉച്ചയ്ക്കുശേഷം നെടുമ്പാശേരിയിലെ ഹജ്ജ് ക്യാമ്പിലെത്തും. 67 സ്ത്രീകളുൾപ്പെടെ 143 പേരാണ് പുറപ്പെടുന്നത്. 10ന് വൈകിട്ട് 7.35ന് പുറപ്പെടുന്ന സൗദി എയർലൈൻസിലാണ് യാത്ര. കേരളത്തിൽ നിന്നുള്ള 234 പേരും ഈ വിമാനത്തിലുണ്ടാകും.
ലക്ഷദ്വീപിലെ തീർത്ഥാടർക്ക് ക്യാമ്പിൽ പ്രത്യേക സ്വീകരണവും യാത്രഅയപ്പും നൽകും. തമിഴ്നാട്, പോണ്ടിച്ചേരി, ആന്തമാൻ എന്നിവിടങ്ങളിലെ തീർത്ഥാടകരും അടുത്ത ദിവസങ്ങളിലായി നെടുമ്പാശേരിയിലെത്തും