രാജ്യത്തെ ലോകത്തിനുമുന്നില്‍ നാണംകെടുത്തുന്നു, വര്‍ഗീയശക്തികള്‍ക്കെതിരെ എതിര്‍പ്പുയരണം- മുഖ്യമന്ത്രി
തിരുവനന്തപുരം: മുഹമ്മദ് നബിക്കെതിരേ ബിജെപി വക്താവ് നടത്തിയ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികളെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. അതില്‍ ഏറ്റവും പുതിയ അദ്ധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളില്‍ നിന്ന പ്രവാചകനെതിരെയുണ്ടായ വര്‍ഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുസ്ലീം സമൂഹത്തെ അപരവല്‍ക്കരിക്കുന്ന ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്. അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ക്കു പുറമേയാണ് ഇത്. അനേക ലക്ഷം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന നിരവധി ഇസ്ലാമിക രാഷ്ട്രങ്ങള്‍ ബിജെപിയുടേയും സംഘപരിവാറിന്റേയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയര്‍ത്താന്‍ ഇടയായിരിക്കുന്നു. ഇന്ത്യയോട് വളരെ സൗഹാര്‍ദ്ദപൂര്‍വമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം, മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.
മറ്റൊരു മതസ്ഥന്റെ വിശ്വാസത്തേയും സംസ്കാരത്തേയും അവഹേളിക്കാനോ നിഷേധിക്കാനോ ഉള്ള അവകാശം ഭരണഘടന ആര്‍ക്കും നല്‍കുന്നില്ല. നമ്മുടെ നാടിന്റെ മഹത്തായ മത നിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങള്‍ക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അതിലുപരിയായി വര്‍ഗീയ ശക്തികള്‍ക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും ഒറ്റക്കെട്ടായ എതിര്‍പ്പ് ഉയര്‍ന്നുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.