പ്രവാചക നിന്ദ: നുപൂർ ശർമ്മയ്ക്ക് കുരുക്ക് മുറുകുന്നു, മുൻ ബിജെപി വക്താവിനെ വിളിച്ചുവരുത്തുമെന്ന് മുംബയ് പോലീസ്
മുംബയ്: പ്രവാചകനെ നിന്ദിക്കുന്ന പരാമർശങ്ങൾ നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയെ മൊഴി എടുക്കുന്നതിനായി മുംബയ് പൊലീസ് വിളിച്ചുവരുത്തും. ഇതിനായുള്ള നോട്ടീസ് നുപൂറിന് ഉടൻ നൽകുമെന്ന് മുംബയ് പൊലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഒരു ടെലിവിഷൻ ചർച്ചയിലാണ് പ്രവാചകനെ നിന്ദിക്കുന്ന പരാമർശങ്ങൾ നുപൂർ നടത്തിയത്. പരാമർശത്തെ തുടർന്ന് നുപൂറിനെ ബിജെപി പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
അതേസമയം പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ബിജെപി നേതാക്കൾ സംസാരിച്ച വിഷയത്തിൽ പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. ഏറ്റവുമൊടുവിലായി ഇറാൻ ആണ് ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിവാദ പരാമർശത്തിൽ നിലപാടറിയിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഇന്ത്യൻ സ്ഥാനപതി പ്രവാചകൻ മുഹമ്മദ് നബിയ്ക്കെതിരായ ഏതെങ്കിലും തരത്തിലെ അവഹേളനം സർക്കാർ അംഗീകരിക്കില്ലെന്ന് ടെഹ്റാനിൽ നടന്ന കൂടിക്കാഴ്ചയിൽ അറിയിച്ചു. ബിജെപി നേതാവിന്റെ അഭിപ്രായം എല്ലാ മതങ്ങളോടും അങ്ങേയറ്റം ആദരവ് പുലർത്തുന്ന ഇന്ത്യൻ സർക്കാരിന്റെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ല.
അതേസമയം പ്രവാചക നിന്ദ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത പ്രതിഷേധം സൂചിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്വിറ്ററിൽ കുറിപ്പിട്ടു. ബിജെപി നേതാവിന്റെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നതായി കുറിച്ച ഷെഹബാസ്, മോദിയുടെ കീഴിൽ ഇന്ത്യ മത സ്വാതന്ത്യത്തിനെ ചവിട്ടിമെതിക്കുകയും മുസ്ളീങ്ങളെ പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് ആരോപിച്ചു. ലോകരാജ്യങ്ങൾ ഇന്ത്യയെ കഠിനമായി ശാസിക്കണമെന്നും ഷരീഫ് ആവശ്യപ്പെട്ടു.
ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയ ഖത്തർ ഭരണകൂടം തങ്ങളുടെ പ്രതിഷേധം നേരിട്ട് അറിയിച്ചു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിന്റെ തന്നെ പ്രതിഷേധമെന്ന നിലയിൽ ഇത് വളരെ ഗൗരവമുള്ളതാണെന്നും ഇത്തരം പ്രസ്താവനകൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഒമാൻ ഗ്രാൻഡ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പറഞ്ഞു. ഖത്തറിന് പുറമേ മറ്റൊരു ഗൾഫ് രാഷ്ട്രമായ ഒമാനിലും നുപുർ ശർമ്മയുടെ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധം ആളിപ്പടരുന്നുണ്ട്.