ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ വാൾ വീശിയ യുവാവ് അറസ്റ്റിൽ
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ഇന്നലെ വൈകിട്ട് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. ഗുരുവായൂര്‍ സ്വദേശി രാഹുലിനെയാണ് ഗുരുവായൂര്‍ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കേനടയിലെ ഒരു കടയുടമയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാൾ വടിവാൾ വീശീയത്. ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തരടക്കം നോക്കി നിൽക്കുമ്പോൾ ആയിരുന്നു യുവാവിൻ്റെ വടിവാൾ വീശൽ. ഹൽവ കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് വാൾ വീശിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. അറസ്റ്റ് ചെയ്ത ശേഷം രാഹുലിനെ ജാമ്യത്തിൽ വിട്ടയച്ചു. രാഹുലുമായി തര്‍ക്കത്തിലേര്‍പ്പെട്ട കടയുടമയ്ക്ക് നേരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.