വിദ്യാലയങ്ങളിലെ ഭക്ഷ്യവിഷബാധ: വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും- മന്ത്രി ജി ആര് അനില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആര്. അനില്‍. സംസ്ഥാനത്തെ മൂന്ന് സ്കൂളുകളില്‍ സംഭവിച്ചത് ഭക്ഷ്യവിഷബാധ തന്നെയാണോ എന്നത് ലാബില്‍നിന്ന് പരിശോധനാഫലം വന്നശേഷം മാത്രമേ പറയാനാകൂ എന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് സിവില്‍ സ്റ്റേഷന് യു.പി സ്കൂളും സെന്റ് വിന്‍സെന്റ് സ്കൂളും സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്കൂളുകളില്‍ പഴകിയ അരി ഇല്ലെന്നും പുതിയ സ്റ്റോക്കാണ് എത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിലെ ഭക്ഷണവിതരണത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിക്കുകയെന്നതാണ് പരിശോധനയുടെ ലക്ഷ്യം. വിദ്യാഭ്യാസ, ഭക്ഷ്യ, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം ജല അതോറിറ്റി പരിശോധിക്കും. പരിശീലനത്തിന് ശേഷം ഹെല്‍ത്ത് കാര്‍ഡുകള്‍ ലഭിച്ച പാചക തൊഴിലാളികളാണ് നിലവില്‍ സ്കൂളുകളില്‍ ഉള്ളത്. പരിശോധനാ റിപ്പോര്‍ട്ടുകള്‍ രണ്ടുദിവസത്തികനം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിഷയത്തെ ഗൗരവത്തോടെ ആണ് സര്‍ക്കാര്‍ സമീപിക്കുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാന്‍ ജനകീയ ഇടപെടല്‍ വേണം. രക്ഷിതാക്കളുടെ ഇടപെടല്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പാചകപ്പുര ഉള്‍പ്പെടെ മന്ത്രി സന്ദര്‍ശിച്ചു. വരുംദിവസങ്ങളിലും മിന്നല്‍ പരിശോധന തുടരുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ, കോഴിക്കോട് കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. രേഖ, എ.ഇ.ഒ എം. ജയകൃഷ്ണന്, നൂണ് മീല്‍ ഓഫീസര്‍ രവിശങ്കര്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.