റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം
കൊച്ചി: തൃപ്പൂണിത്തുറയിൽ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസി. എഞ്ചിനിയർ വിനീത വർഗീസ് അറസ്റ്റിൽ. മനഃപ്പൂർവമല്ലാത്ത നരഹത്യാക്കേസിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
പാലം പണിയുടെ ചുമതലയുള്ള ഓവർസിയറെയും കരാറുകാരനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചീഫ് എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്.
ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. പുതിയകാവ് ഭാഗത്തു നിന്നു ബൈക്കിൽ എത്തിയ എരൂർ സ്വദേശി വിഷ്ണു (28), സുഹൃത്ത് ആദർശ് (22) എന്നിവരാണ് അപകടത്തിൽപെട്ടത്. വിഷ്ണു മരിച്ചു. ആദർശ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സീപോർട്ട് എയർപോർട്ട് റോഡിലെ അന്ധകാര തോടിന് കുറുകെയുള്ള പാലത്തിലാണ് അപകടമുണ്ടായത്.
റോഡിനും പാലത്തിനും ഇടയില്‍ വലിയ ഗര്‍ത്തമാണ്. ആറ് മാസത്തിലധികമായി പണി തുടർന്നിരുന്ന പാലത്തിൽ നിർമ്മാണ സൂചകങ്ങളായി സ്ഥാപിച്ചിരുന്നത് രണ്ട് വീപ്പകൾ മാത്രമാണ്. അപകട ദിവസം ഇവയും സ്ഥാനത്തുണ്ടായിരുന്നില്ല. ഇതോടെയാണ് പുതിയകാവിൽ നിന്ന് എത്തിയ ബൈക്ക് യാത്രികർ നേരെ പാലത്തിൽ വന്ന് ഇടിച്ചത്.