ആശുപത്രിയിൽ നിന്ന് മടങ്ങവെ ദമ്പതികൾ സഞ്ചരിച്ച പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം
ആലപ്പുഴ: ആശുപത്രി ചികിത്സയിലുള്ളവരെ കൊണ്ട് വീട്ടിലേക്ക് മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച പെട്ടി ഓട്ടോ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം. ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. നാഷണൽ ഹൈവേ അമ്പലപ്പുഴ കാക്കാഴം മേൽപ്പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെരാത്രി 10 ഓടെ ആയിരുന്നു അപകടം. കായംകുളം കൊറ്റുകുളങ്ങര ചങ്ങയിൽ വടക്കേതിൽ ഹാഷിം (40) ഭാര്യ റസീന (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടേയും നില ഗുരുതരമാണ്. ചികിത്സയിലുള്ള ബന്ധുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കണ്ട് കായംകുളത്തെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് ദമ്പതികൾ സഞ്ചരിച്ച പെട്ടി ഓട്ടോ മേൽപ്പാലത്തിലെ കുഴിയിൽ വീണ് പിക്കപ്പ് വാനിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ പെട്ടി ഓട്ടോയുടെ മുൻഭാഗം തകർന്ന് ഉള്ളിൽ കുടുങ്ങിയ ദമ്പതികളെ നാട്ടുകാരും അമ്പലപ്പുഴ പൊലീസും തകഴിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്തു. തുടര്ന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കുഴി നികത്താതെ വാഹനംമാറ്റിയിടാനാവില്ലെന്ന് പറഞ്ഞത് അല്പനേരം സംഘർഷത്തിന് കാരണമായി. ഇതേ തുടർന്ന് ദേശീയ പാതയിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു.