കറൻസി നോട്ടുകളിൽ നിന്ന് ഗാന്ധിജിയെ ഒഴിവാക്കില്ല, വ്യക്തത വരുത്തി റിസർവ് ബാങ്ക്
ന്യൂഡൽഹി: കറൻസി നോട്ടുകളിൽ നിന്നും ഗാന്ധിജിയെ ഒഴിവാക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും അത്തരത്തിൽ ഒരു നിർദേശവും മുന്നിൽ വന്നിട്ടില്ലെന്നും ആർബിഐ വ്യക്തമാക്കി.
കറൻസി നോട്ടുകളിൽ ടാഗോറിന്റെയും അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ നീക്കമെന്ന വാർത്ത വന്നതിന് പിന്നാലെയാണ് റിസർവ് ബാങ്ക് ഔദ്യോഗികമായ വിശദീകരണം നൽകിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വാട്ടര്‍മാര്‍ക്ക് ചെയ്ത പുതിയ നോട്ടുകളുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു.
എന്നാല്‍ ഈ ചിത്രങ്ങളടങ്ങിയ നോട്ടുകളുടെ അച്ചടിക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്നുമാണ് വാർത്തകൾ പുറത്തുവന്നത്. ഇതോടെയാണ് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുമോ എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നത്.
കള്ളനോട്ടുകൾ തടയാൻ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ചിത്രം വാട്ടർമാർക്ക് ചെയ്ത് നൽകണമെന്ന് റിസര്‍വ് ബാങ്കിന്റെ ആഭ്യന്തര സമിതി 2017ൽ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു നേതാക്കളുടെ കൂടി ചിത്രങ്ങൾ വാട്ടർമാർക്ക് ചെയ്ത നോട്ടുകൾ പുറത്തിറക്കുമെന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നത്.