പ്രവാചകനെതിരായ പരാമർശ വിവാദം; ഇന്ത്യ എല്ലാവരെയും ഉൾക്കൊളളുന്ന രാജ്യം, മാപ്പ് പറയേണ്ടതില്ലെന്ന് ഗവർണർ
തിരുവനന്തപുരം: പ്രവാചകനെതിരെ ബിജെപി ദേശീയ വക്താവ് നടത്തിയ പരാമർശം വിവാദമായ സംഭവത്തിൽ ഇന്ത്യ ആരോടും മാപ്പ് പറയേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരെയും ഉൾക്കൊളളുന്ന രാജ്യമാണ് ഇന്ത്യ. കാശ്മീർ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്നുണ്ടെങ്കിലും ഇതൊന്നും ഇന്ത്യയെ കാര്യമായി ബാധിക്കുന്നില്ലെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. എല്ലാവരെയും ഉൾക്കൊളളുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രിയും ആർഎസ്എസ് തലവനും പറഞ്ഞിട്ടുളളതായും അദ്ദേഹം ഓർമ്മിപ്പിച്ചു.അതേസമയം ഇന്ത്യയ്ക്കെതിരായ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസ്ഥാവനയെ ഇന്ത്യ ശക്തമായി അപലപിച്ചു. ന്യൂനപക്ഷാവകാശങ്ങളുടെ സ്ഥിരം ലംഘകനായ ഷഹബാസ് ഷെരീഫിന്റെ പ്രസ്താവന അപഹാസ്യമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.മുഹമ്മദ് നബിക്കെതിരായ പരാമർശം ഇന്ത്യയിൽ നടക്കുന്ന ന്യൂനപക്ഷവിരുദ്ധ നീക്കങ്ങളുടെ ഭാഗമാണെന്ന ഇസ്ളാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഒഐസിയുടെ പ്രസ്താവനയെയും ഇന്ത്യ ശക്തമായി എതിർത്തു. ഒഐസി സെക്രട്ടറിയേറ്റിന്റെ വർഗീയ സമീപനം അവസാനിപ്പിക്കാനും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നിലപാടെടുക്കാനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.