പോപ്പുലർ ഫ്രണ്ട് മാർച്ചിൽ സംഘർഷം; പ്രതിഷേധക്കാർ കുപ്പിയെറിഞ്ഞു, പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പോപ്പുലർ ഫ്രണ്ട് പ്രതിഷേധ മാർച്ചിൽ സംഘർഷം. സമരക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
പൊലീസിന് നേരെ പ്രതിഷേധക്കാർ കുപ്പിയെറിഞ്ഞു. ആയിരത്തോളം പ്രവർത്തകർ ഉണ്ടായിരുന്നു. ഇവർ മുദ്രാവാക്യം വിളിച്ച് ക്ലിഫ് ഹൗസിനടുത്തേക്ക് നീങ്ങുകയും, ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയുമായിരുന്നു. അന്യായമായി കേസെടുക്കുന്നെന്ന് ആരോപിച്ചാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധ മാർച്ച്.വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ട്രഷറർ കെ എച്ച് നാസറിനെ തടങ്കലിൽ വച്ച നടപടി അംഗീകരിക്കാനാവില്ലെന്നും കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ടിന് എതിരെയുള്ള നടപടി ചെറുത്തു തോൽപ്പിക്കുമെന്നും നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.