ബിജെപിയുടെ മതഭ്രാന്തൻമാർക്ക് വേണ്ടി ഇന്ത്യ എന്തിന് മാപ്പ് പറയണമെന്ന് കെടിആർ; ജയിലിടയ്ക്കമെന്ന് മായാവതി, മോദി മാപ്പ് പറയണമെന്ന് കോൺഗ്രസ്
ഹൈദരാബാദ്: ബിജെപി നേതാക്കൾ പ്രവാചകനെ അപകീർത്തിപ്പെടുത്തി സംസാരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി തെലങ്കാന വാണിജ്യ- വ്യവസായ മന്ത്രിയും ടിആർഎസ് നേതാവുമായ കെ ടി രാമ റാവു (കെടിആർ). ഗൾഫ് രാജ്യങ്ങളിൽ നിന്ന് നേരിട്ട പ്രതിഷേധങ്ങളിൽ മന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തി.’ബിജെപിയുടെ മതഭ്രാന്തൻമാർക്ക് വേണ്ടി ഇന്ത്യ എന്തിന് മാപ്പ് പറയണം. പാർട്ടി അംഗങ്ങൾ ദിവസേന വിദ്വേഷം പ്രചരിപ്പിക്കുന്നതിന് പ്രധാനമന്ത്രി അവരെ വീട്ടിലിരുത്തി മാപ്പുപറയിപ്പിക്കണം. ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയല്ല മറിച്ച് ബിജെപിയാണ് മാപ്പ് പറയേണ്ടത്’- കെടിആർ പറഞ്ഞു
2022ബിജെപി എംപി പ്രജ്ഞാ സിംഗ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ വാഴ്ത്തിപ്പാടിയ സംഭവത്തെക്കുറിച്ചുള്ള മോദിയുടെ മൗനം ഞെട്ടിക്കുന്നതാണെന്നും കെടിആർ പറഞ്ഞു.
നിങ്ങൾ എന്താണോ അനുവദിക്കുന്നത്, അത് തന്നെയാണ് നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും. മുതിർന്ന നേതാക്കളുടെ നിശബ്ദതയാണ് മതാന്ധതയെയും വിദ്വേഷത്തെയും ശക്തിപ്പെടുത്തുന്നതെന്നും കെടിആർ ആരോപിച്ചു.അതേസമയം, മതവിദ്വേഷം പ്രചരിപ്പിക്കുന്നവരെ ജയിലിലടക്കണമെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി പറഞ്ഞു. വിദ്വേഷ പരാമർശം ഏത് മതത്തിനെതിരെ നടത്തുന്നതായാലും അംഗീകരിക്കാനാവില്ല. ഇത്തരം പ്രവർത്തി ചെയ്യുന്നവരെ സസ്പെൻഡ് ചെയ്തിട്ടോ പുറത്താക്കിയിട്ടോ കാര്യമില്ല, ജയിലിൽ അടയ്ക്കുക തന്നെവേണമെന്ന് മായാവതി സമൂഹമാദ്ധ്യമത്തിൽ പറഞ്ഞു.ബിജെപിക്കതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് വക്താവ് പവൻ ഖേരായും രംഗത്തെത്തി. ‘മാപ്പ് പറയാനായി ഇന്ത്യ ഒരു തെറ്റും ചെയ്തിട്ടില്ല. ഖത്തറും കുവൈത്തും പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ രാജ്യ ധർമ്മം ഓർമ്മിപ്പിക്കുന്നു. ഇതിലും ലജ്ജാകരമായ മറ്റെന്തുണ്ട്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും മൂലം ഇന്ത്യക്കാർക്ക് മുഴുവനും നാണിച്ച് തലതാഴ്ത്തേണ്ടി വന്നു. ഇവിടെ ഒരു ഇന്ത്യക്കാരനും തെറ്റ് പറ്റിയിട്ടില്ല. ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളെ ഇന്ത്യ എപ്പോഴും മാനിക്കുന്നു. എന്നാൽ ബിജെപി അത് ചെയ്യുന്നില്ല. ബിജെപി മാപ്പ് പറയുകയും നഷ്ടപരിഹാരം നൽകുകയും വേണം. പ്രധാനമന്ത്രി കൃത്യസമയത്ത് സംസാരിച്ചാൽ രാജ്യത്തിന് നാണക്കേടുണ്ടാകാതെ രക്ഷപ്പെടാം. നിങ്ങൾ കാരണം നാണക്കേടുണ്ടായതിൽ രാജ്യത്തോട് മാപ്പ് പറയണം’- പവൻ ഖേര ആവശ്യപ്പെട്ടു.