കല്യാണ വീടുകളിൽ മാത്രം മദ്യം വിൽക്കും, ഓർഡർ നൽകിയാൽ കേരളത്തിൽ എവിടെയും കുപ്പി എത്തിക്കും, പിഴവില്ലാതെ എല്ലാം ചെയ്തെങ്കിലും കുഞ്ഞുമോളുടെ കണക്കുകൂട്ടലുകൾ എക്സൈസ് തെറ്റിച്ചു
തൃപ്പൂണിത്തുറ: സംസ്ഥാനത്ത് തെക്കൻ മേഖലകളിലെ കല്യാണ വീടുകൾ കേന്ദ്രീകരിച്ച് മദ്യത്തിന്റെ ഓർഡർ എടുക്കുകയും മാഹിയിൽ നിന്ന് കുറഞ്ഞ ചെലവിൽ മദ്യം കൊണ്ടുവന്ന് വിറ്റഴിക്കുന്ന സംഘത്തെ പിടികൂടി. പ്രധാന കണ്ണിയായ ആലപ്പുഴ കാവാലം പുത്തൻവീട്ടിൽ കുഞ്ഞുമോൾ (43), പോത്തൻകാട് തണ്ണാട്ട് കാവ് എസ്. എൻ. മൻസിൽ നിജാസ് (33), മാവേലിക്കര ഈഴക്കടവ് കോയിക്കലേത്ത് വീട്ടിൽ രാഹുൽ (24) ചെറുകോൽക്കര ഇടശ്ശേരി വടക്കേതിൽ വീട്ടിൽ വൈഷ്ണവ് (19) എന്നിവരാണ് അറസ്റ്റിലായത്.മാഹിയിൽ നിന്ന് വാങ്ങുന്ന വിലയേക്കാൾ 40 ശതമാനം കൂട്ടിയാണ് ഇവർ വിൽക്കുന്നത്.പ്രതികൾ റിയൽ എസ്റ്റേറ്റ് മേഖലയിലും സജീവമായിരുന്നു. റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിലൂടെയാണ് മറ്റു പ്രതികളുമായി കുഞ്ഞുമോൾ പരിചയത്തിലാകുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇവർ കേരളത്തിൽ എല്ലാ ജില്ലകളിലും മദ്യവില്പന നടത്തുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.ഇവരുടെ കാറിൽനിന്ന് 137.25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടെനിമോന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാവുന്നത്. എക്സൈസ് ഇൻസ്പെക്ടർ പോൾ കെ. വർക്കി, അസിസ്റ്റന്റ് ഇൻസ്പെക്ടർ ആർ.ജി. മധുസൂധൻ, പി.ഒ രാജീവ്, സി.ഒ. മാരായ ടി.എൻ. ശശി, വി.എൻ. സെയ്ത്, പി.എച്ച്. നൗഫൽ, വിനീത് ശശി, ബൈജു ടി.എൻ. ശശി, ഡബ്ളിയു.സി.ഒ. സരിതാ റാണി രംഗീല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.