രണ്ട് മാസത്തിനിടെ വളാഞ്ചേരി പോലീസ് പിടികൂടിയത് 10 കോടിയുടെ കുഴൽപ്പണം
മലപ്പുറം: രണ്ട് മാസത്തിനിടെ വളാഞ്ചേരി പൊലീസ് പിടികൂടിയത് 10 കോടിയുടെ കുഴൽപ്പണം. കഴിഞ്ഞ ദിവസം1.65 കോടി രൂപയുമായി രണ്ട് പേർ പിലടിയിലായി. കാറിൽ പണവുമായെത്തിയ പാണ്ടിക്കാട് തുവ്വൂർ സ്വദേശി അൻസാർ (36), വല്ലപ്പുഴ സ്വദേശി ഫൈസൽ (33) എന്നിവരെയാണ് പിടികൂടിയത്. വാഹനങ്ങളിൽ കടത്തുന്ന പണമാണ് കൂടുതലും പിടിച്ചെടുത്തത്. കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിർമിച്ചാണ് പണം സൂക്ഷിച്ചിരുന്നത്.
പുറമേ നിന്ന് നോക്കിയാൽ സ്റ്റീരിയോ ഘടിപ്പിച്ചതായാണ് തോന്നുക. സംശയം തോന്നി പൊലീസ് ഇളക്കി നോക്കുകയായിരുന്നു. അകത്തേക്ക് വലിയ അറയാണ് നിർമിച്ചിരുന്നത്. കുഴൽപ്പണ കടത്തുകാർക്കായി പ്രത്യേക രഹസ്യ അറ നിർമിച്ച് നൽകുന്ന സംഘങ്ങളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. 500രൂപയുടെ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടർന്നുള്ള വാഹന പരിശോധനയിലാണ് സംഘത്തെ കൊളമംഗലത്ത് വെച്ച് പിടികൂടിയത്. ജില്ലയിൽ നാല് മാസത്തിനുള്ളിൽ 30കോടിയിലധികം തുക പല സ്റ്റേഷനുകളിൽ ആയി പിടികൂടിയിട്ടുണ്ട്.