അനധികൃത നമ്പര്‍പ്ലേറ്റുള്ള വാഹനത്തിനെതിരേ നടപടി
ബെംഗളൂരു: നമ്പര്‍പ്ലേറ്റുകളില്‍ ചിത്രപ്പണികള്‍ ചെയ്യുന്നവര്‍ക്കും സംഘടനകളുടെയോ സ്ഥാപനത്തിന്റേയോ പേരെഴുതുന്നവര്ക്കും ഇനി പിടിവീഴും. ഇത്തരം നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. ജൂണ്‍ 10-നുള്ളില്‍ നിയമവിരുദ്ധമായ നമ്പര്‍പ്ലേറ്റുകള്‍ നീക്കംചെയ്യണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.
നമ്പര്‍പ്ലേറ്റുകളില്‍ ചിത്രപ്പണികളും എഴുത്തുകളും ഉള്‍പ്പെടുത്തുന്നതിന് നേരത്തേ വിലക്കുണ്ടായിരുന്നെങ്കിലും ഇത്തരം നമ്പര്‍പ്ലേറ്റുകളുമായി ഓടുന്ന വാഹനങ്ങളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാനുള്ള തീരുമാനം. നേരത്തേ കര്‍ണാടക ഹൈക്കോടതിയും നിയമലംഘകര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ട്രാഫിക് പോലീസിന് നിര്‍ദേശംനല്‍കിയിരുന്നു.
നിയമവിധേയമല്ലാത്ത നമ്പര്‍പ്ലേറ്റുകളുള്ള വാഹനങ്ങള്‍ പിടികൂടുമ്പോള്‍ ആദ്യതവണ 500 രൂപ പിഴയീടാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. രണ്ടാംതവണ പിഴ 1,000-ആകും. വീണ്ടും നിയമലംഘനം തുടര്‍ന്നാല്‍ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കും. 10-നുശേഷം നഗരത്തിലുടനീളം പരിശോധന നടത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
അനുവദനീയമായ ഫോണ്ട് ഒഴികെയുള്ള ഫോണ്ടുകള്‍ ഉപയോഗിച്ച് നമ്പര്‍പ്ലേറ്റ് തയ്യാറാക്കുന്നതിനും പിഴയീടാക്കും. സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും നമ്പര്‍പ്ലേറ്റില്‍ പേരെഴുതുന്നതും നിയമലംഘനമാണ്. മതചിഹ്നങ്ങള്‍ പതിപ്പിക്കുന്നവര്ക്കെതിരേയും നടപടിയുണ്ടാകും.
അനധികൃതമായി ഫാന്‍സി നമ്പര്‍പ്ലേറ്റുകള്‍ തയ്യാറാക്കിനല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ഇതിനുമുന്നോടിയായി ഇത്തരം സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കും.
പൊതുജനങ്ങള്‍ക്കും പരാതിപ്പെടാം
നമ്പര്‍പ്ലേറ്റുകളില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ട്രാഫിക് പോലീസിന്റെ വാട്സാപ്പ് നമ്പറില്‍ പൊതുജനങ്ങള്‍ക്കും ചിത്രം സഹിതം പരാതിനല്കാം. 9449863459, 9480801800 എന്നീ നമ്പറുകളിലാണ് ചിത്രങ്ങള്‍ അയക്കേണ്ടത്. ചിത്രം അയക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഇതിനുപുറമേ ബെംഗളൂരു ട്രാഫിക് പോലീസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയും പരാതികള്‍ അറിയിക്കാനുള്ള സൗകര്യമുണ്ട്.