വധഗൂഢാലോചന കേസ്, ഹാക്കർ സായ് ശങ്കറിന്റെ കംപ്യൂട്ടറും ഫോണുകളും വിട്ട് നൽകാൻ കോടതി ഉത്തരവ്
കൊച്ചി: വധ ഗൂഢാലോചന കേസിലെ പ്രതിയായ ദിലീപിന്റെ (Dileep)സൈബർ രേഖകളും തെളിവുകളും നശിപ്പിക്കുന്നതിന് സഹായിച്ച ഹാക്കർ സായ് ശങ്കറിന്റെ കംപ്യൂട്ടറും ഫോണുകളും വിട്ട് നൽകാൻ കോടതിയുത്തരവ്. ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തിരിച്ച് നൽകാനാണ് കോടതി നിർദ്ദേശം. ഐ ഫോൺ, ഐമാക്, ഐ പാഡ് അടക്കം 5 ഉപകരണങ്ങൾ തിരിച്ച് നൽകണം. ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നടപടി.
അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ച ശേഷം ഉപകരണം തിരിച്ചെടുക്കാമെന്നാണ് ആലുവ കോടതിയുടെ അനുമതി. സായ് ശങ്കർ ഒളിവിൽ പോയ സമയത്ത് കോഴിക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തത്. ഇത് പിന്നീട് ഫോറൻസിക് പരിശോധകൾക്ക് അയച്ചു. എന്നാൽ കാര്യമായ തെളിവുകൾ ഈ ഉപകരണങ്ങളിൽ നിന്നും കണ്ടെത്താനായില്ല. ഇക്കാര്യം റിപ്പോർട്ടായി ഫോറൻസിക് സംഘം കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് ഉപകരണങ്ങൾ വിട്ട് കിട്ടാൻ സായ് ശങ്കർ കോടതിയെ സമീപിച്ചത്.