മേലാറ്റൂരില്‍ ക്ഷേത്രങ്ങളില്‍ മോഷണം; രണ്ട് പേര് പിടിയിൽ
മലപ്പുറം: മേലാറ്റൂരില്‍ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ രണ്ട് പേര് പിടിയില്‍. അമ്പതോളം നിലവിളക്കുകളും മുപ്പത്തേഴായിരത്തോളം രൂപയുടെ ക്ഷേത്രോപകരണങ്ങളുമാണ് മോഷണം പോയത്. മേലാറ്റൂര്‍ സ്വദേശിയായ മന്‍സൂര്‍, എടപ്പറ്റ അബ്ദു എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രത്തിലും കോവിലകംപടി വെണ്‍മാടത്തിങ്ങല്‍ ബാലശാസ്താ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.
ഭണ്ഡാരത്തിന്റെയും ഓഫീസ് മുറിയുടേയും പൂട്ട് തകര്‍ത്തായിരുന്നു കവര്‍ച്ച. ഭണ്ഡാരത്തില് നിന്ന് പണവും അമ്പതിലധികം നിലവിളക്കുകളും മറ്റ് ക്ഷേത്രോപകരണങ്ങളും മോഷണം പോയതായി ക്ഷേത്രഭാരവാഹികള്‍ മേലാറ്റൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൂജാരി രാവിലെ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
മേലാറ്റൂര്‍ ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മുന്‍പ് ഇത്തരം കേസുകളില്‍ പ്രതിയായവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാരെ തിരിച്ചറിഞ്ഞത്. പ്രതികള്‍ കുറ്റസമതമൊഴിനല്കിയെന്ന് പൊലീസ് അറിയിച്ചു. മോഷണം പോയ വസ്തുക്കള്‍ ചാക്കിലാക്കി ഒളിപ്പിച്ച നിലയില്‍ റെയില്‍വേ സ്റ്റേഷനുസമീപത്തെ പഴയ കെട്ടിടത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മറ്റു ക്ഷേത്രങ്ങളില്‍ നടന്ന മോഷണങ്ങളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്നതു കൂടി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.