കാറിൽ വച്ച് പെൺകുട്ടിക്ക് നേരെ കൂട്ടബലാത്സംഗം, പ്രതികൾ പ്രായപൂര്‍ത്തിയാകാത്തവര്‍
ഹൈദരാബാദ്: ഹൈദരാബാദിൽ 17കാരിയെ കാറിനുള്ളിൽ വച്ച് കൂട്ടബലാത്സംഗം ചെയ്ത് കോളേജ് വിദ്യാര്‍ത്ഥികൾ. പ്രായപൂര്‍ത്തിയാകാത്തവരാണ് കേളേജ് വിദ്യാര്‍ത്ഥികളെന്നാണ് റിപ്പോര്‍ട്ട്. പെൺകുട്ടി ഇവരെ പബ്ബിൽ വച്ചാണ് പരിചയപ്പെട്ടത്. എംഎൽഎയുടെ മകനും ബലാത്സംഗം ചെയ്ത സംഘത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ എംഎൽഎയുടെ മകൻ കേസിൽ ഉൾപ്പെട്ടിട്ടുണ്ടാകാൻ സാധ്യതയില്ലെന്നാണ് പൊലീസ് ഭാഷ്യം.
ഒരു സുഹൃത്തിനൊപ്പമാണ് 17 കാരി പെൺകുട്ടി പബ്ബിൽ പോയത്. സുഹൃത്ത് നേരത്തേ പോകുകയും പെൺകുട്ടി തനിച്ചാകുകയും ചെയ്തു. പബ്ബിൽ വച്ച് സൗഹൃദത്തിലായ ഒരു ആൺകുട്ടിയുടെയും അവന്റെ സുഹൃത്തുക്കളുടെയുമൊപ്പം പെൺകുട്ടി പുറത്തിറങ്ങി. പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. സംഘം പെൺകുട്ടിയുമൊത്ത് ഒരു പേസ്ട്രി ഷോപ്പിൽ കയറി.
പിന്നീട് ജൂബിലി ഹിൽസ് ഏരിയയിൽ എത്തിയ സംഘം അവിടെ കാര്‍ പാര്‍ക്ക് ചെയ്തു. ഇവിടെ വച്ചാണ് സംഘം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. കുട്ടിയുടെ കഴുത്തിൽ മുറിവ് കണ്ട് രക്ഷിതാക്കൾ ചോദിച്ചപ്പോൾ തന്നെ ഒരു സംഘം ആക്രമിച്ചുവെന്ന് മാത്രമാണ് പെൺകുട്ടി പറഞ്ഞത്. സംഭവത്തിൽ കേസെടുത്ത പൊലീസ് കൂടുതൽ ചോദിച്ചപ്പോഴാണ് താൻ നേരിട്ട് കൂട്ടബലാത്സംഗം പെൺകുട്ടി തുറന്നുപറഞ്ഞത്. സംഘത്തിലെ മുഴവൻ പേരെയും കുട്ടിക്ക് അറിയില്ല, എന്നാൽ ഒരാളുടെ പേര് പെൺകുട്ടിക്ക് അറിയാം. അത് വച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഓഫീസര്‍ ജോയൽ ഡേവിസ് എൻഡിടിവിയോട് പറഞ്ഞു.