മയക്കുമരുന്ന് വില്പന നടത്തുന്നതിനിടെ പ്രവാസി ഇന്ത്യക്കാരന് കുവൈത്തില്‍ അറസ്റ്റിലായി
കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന് മയക്കുമരുന്നുമായി കുവൈത്തില്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നര്‍ക്കോട്ടിക്സ് കണ്ട്രോള് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി പിടികൂടിയത്. രണ്ട് കിലോഗ്രാം ഹെറോയിനും 50 ഗ്രാം ക്രിസ്റ്റല്‍ മെത്തും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
പിടിയിലായ വ്യക്തിയുടെയും പിടിച്ചെടുത്ത നിരോധിത വസ്തുക്കളുടെയും ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഹെറോയിന്‍ വില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരമാണ് ഇയാളെക്കുറിച്ച് പൊലീസിന് ലഭിച്ചത്. ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടെന്നും ആവശ്യക്കാര്‍ക്ക് വില്പന നടത്തുമെന്നും മനസിലായതോടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് ആവശ്യക്കാരനെന്ന വ്യാജേന ഇയാളെ സമീപിച്ചു. 50 ഗ്രാം മയക്കുമരുന്ന് കൈമാറിയതിന് തൊട്ടുപിന്നാലെ ഇയാളുടെ താമസ സ്ഥലത്ത് പൊലീസ് സംഘം റെയ്ഡ് നടത്തി.
രണ്ട് കിലോഗ്രാം ഹെറോയിനും 50 ഗ്രാം ക്രിസ്റ്റല്‍ മെത്തുമാണ് കൈവശമുണ്ടായിരുന്നത്. ഇവ ഒരു എയര്‍ പാര്‍സലിലൂടെ രാജ്യത്ത് എത്തിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചു. പ്ലാസ്റ്റിക് ബോളുകള്‍ക്കുള്ളില്‍ പാക്കറ്റുകളിലാക്കി ഒളിപ്പിച്ചാണ് പാര്‍സലിലൂടെ മയക്കുമരുന്ന് എത്തിച്ചതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
ബാഗില്‍ മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ
ദുബൈ: 600 ഗ്രാം മയക്കുമരുന്നുമായി ദുബൈ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഇതിന് പുറമെ 50,000 ദിര്‍ഹം പിഴയും അടയ്ക്കണം. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നാടുകടത്തുകയും ചെയ്യും. പ്രതിയുടെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കെയ്സില് നിന്നാണ് കസ്റ്റംസ് ഓഫീസര്‍മാര്‍ മയക്കുമരുന്ന് കണ്ടെടുത്തത്.
2021 നവംബര്‍ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. യുഎഇയിലേക്ക് പ്രവേശിക്കുന്ന സമയത്ത് മൂന്ന് പാക്കറ്റുകളിലാക്കിയ നിലയിലാണ് ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്തപ്പോള്‍ തന്റെ ബാഗില്‍ നിരോധിത വസ്തുക്കളൊന്നും ഇല്ലെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ ബാഗേജ് സ്കാനറില്‍ പരിശോധിച്ചപ്പോള്‍ അസ്വഭാവികത തോന്നിയതോടെയാണ് ബാഗ് തുറന്ന് പരിശോധിച്ചത്. മൂന്ന് പാക്കറ്റുകളിലായി 600 ഗ്രാം ഭാരമുള്ള ഒരു വസ്തു ബാഗില്‍ നിന്ന് കണ്ടെടുത്തു. ഇത് മയക്കുമരുന്നാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.