ഇന്ധനവില വർദ്ധനയിൽ പാകിസ്ഥാനിൽ വൻ പ്രതിഷേധം, പെട്രോൾ പമ്പ് തകർത്തു
ഇസ്ലാമാബാദ് : ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് പാക് പൗരന്മാർ പെട്രോൾ പമ്പ് തകർത്തു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ അന്താരാഷ്ട്ര നാണയ നിധിയുടെ ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഇന്ധന സബ്സിഡി എടുത്ത് മാറ്റിയത്. ഇതേ തുടർന്ന് പെട്രോളിന് ലിറ്ററിന് 30 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ ജനം പ്രതിഷേധിച്ചത്.
കറാച്ചിയിലെ പുരാണി സബ്സി മണ്ടിക്ക് സമീപമുള്ള പെട്രോൾ പമ്പിന് നേരെയാണ് പ്രതിഷേധക്കാർ ആക്രമണം നടത്തിയത്. പ്രകടനക്കാർ പമ്പിന് നേരെ കല്ലെറിയുകയും പമ്പിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. രാജ്യത്ത് മറ്റിടങ്ങളിലും വിലക്കയറ്റത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നുണ്ട്. ജിന്നാ ബാഗ് ചൗക്കിൽ രോഷാകുലരായ പൗരന്മാർ ടയറുകൾ കത്തിച്ചു. ഇന്ധനവില വർദ്ധിപ്പിക്കാൻ ഇടയായത് മുൻ ഭരണാധികാരികൾ കാരണമെന്നാണ് ഷെഹ്ബാസ് ഷെരീഫ് ആരോപിക്കുന്നത്. മുൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ പൊതുജന രോഷം കുറയ്ക്കാൻ പെട്രോളിന്റെയും വൈദ്യുതിയുടെയും വില സബ്സിഡി നൽകി കുറച്ചിരുന്നു. ഇത് പാക് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായെന്നാണ് പുതിയ സർക്കാർ പറയുന്നത്.