നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി പ്രവേശനോത്സവ ദിനത്തില്‍ ഒന്നാംക്ലാസുകാരനെ കാണാതായി; ‘തീ’ തിന്ന് മാതാപിതാക്കളും സ്കൂള്‍ അധികൃതരും, പറന്ന് ‘പിടിച്ച്’ പോലീസ്
തൃശൂര്‍: നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കാണാതാകലിന് ശുഭപര്യവസാനം. സ്കൂളില്‍നിന്ന് ഇറങ്ങിയ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. വാഹനം മാറിക്കയറിയ കുട്ടിയെ പോലീസ് കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചതോടെ ആശ്വാസമായി.
പ്രവേശനോത്സവ പരിപാടികള്‍ കഴിഞ്ഞ് അച്ഛനും അമ്മയ്ക്കുമൊപ്പം സ്കൂള്‍ വാഹനത്തിനു സമീപമെത്തിയ കുട്ടിയെയാണു കാണാതായത്. അയല്‍ക്കാരായ മുതിര്‍ന്ന കുട്ടികളുടെ കൈയില്‍ ഒന്നാംക്ലാസുകാരനെ ഏല്‍പ്പിച്ച് മാതാപിതാക്കള്‍ ഏറെ അകലെയല്ലാത്ത മറ്റൊരു സ്കൂളില്‍ പഠിക്കുന്ന മൂത്തമകനെ കൊണ്ടുവരാനായി പോയി. തിരികെപോകുന്നവഴി ഇളയകുട്ടി വാഹനത്തില്‍ കയറിപ്പോയോ എന്ന് ഉറപ്പാക്കാനായി രക്ഷിതാക്കള്‍ സ്കൂളില്‍ ഇറങ്ങി നോക്കി. എന്നാല്‍ കുട്ടി തങ്ങളുടെ കൈവിട്ട് ഓടിപ്പോയെന്നായിരുന്നു പരിഭ്രമത്തോടെ മുതിര്‍ന്ന കുട്ടികള്‍ പറഞ്ഞത്.
ഉടന്‍തന്നെ വിവരം പോലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചു. കുട്ടിയെ കാണാതായ വിവരം നഗരത്തിലെ പട്രോളിങ് വാഹനങ്ങളിലേക്ക് കൈമാറി. പോലീസുദ്യോഗസ്ഥര്‍ സ്കൂളിലേക്കു പാഞ്ഞെത്തി. സ്കൂളിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വാഹനങ്ങളുടെയും ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് ഓരോരുത്തരെയായി വിളിച്ചു. ഡ്രൈവര്‍മാര്‍ക്കാകട്ടെ, പല കുട്ടികളെയും പരിചയമില്ല. അതോടെ, കാണാതായ കുട്ടിയെ തിരിച്ചറിയാന്‍ ഉപകരിക്കുന്ന സൂചനകള്‍ നല്കി.
ഒടുവില്‍, നഗരത്തില്‍നിന്നും പത്ത് കിലോമീറ്റര്‍ അകലെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു സ്കൂള്‍ വാഹനത്തില്‍ പോലീസുദ്യോഗസ്ഥര്‍ പറഞ്ഞ അടയാളങ്ങളുള്ള ഒരു കുട്ടി ഉണ്ടെന്ന് ഡ്രൈവര്‍ വിവരം നല്കി. വാഹനം നിര്‍ത്തിയിടാന്‍ നിര്‍ദേശിച്ചതിനു ശേഷം, കാണാതായ കുട്ടിയുടെ അച്ഛനെയും കൂട്ടി പോലീസ് അവിടേക്കു കുതിച്ചു. തനിക്കു പോകാനുള്ള വാഹനമാണെന്നു കരുതി സ്കൂളിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍ കയറിയതാണെന്നു കുട്ടി വിശദീകരിച്ചു.