കൊലക്കേസ് പ്രതിയെ കൊന്നത് ചുറ്റിക കൊണ്ട് അടിച്ച്, പ്രതികളിലൊരാൾ പൂജാരി
തിരുവനന്തപുരം: ലോഡ്ജിൽ കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ച സംഭവത്തിൽ പൂജാരി അടക്കം രണ്ടുപേർ പിടിയിൽ. മണികണ്ഠേശ്വരം സ്വദേശി ദീപക് ലാൽ, വട്ടിയൂർക്കാവ് സ്വദേശി അരുൺ ജി.രാജീവ് എന്നിവരാണ് കേസിലെ പ്രതികൾ.
വഴയില സ്വദേശി മണിച്ചൻ എന്ന വിഷ്ണുവാണ് കൊല്ലപ്പെട്ടത്. പ്രതികൾ ചുറ്റിക കൊണ്ട് അടിച്ചാണ് കൃത്യം നടത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന തിരുമല സ്വദേശി ഹരികുമാർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്ക് വിഷ്ണുവിനോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ദീപക്കും അരുണും. നാല് വർഷം മുമ്പ് ഇവർ പിരിഞ്ഞു.
ഹരികുമാറാണ് ലോഡ്ജിൽ മുറിയെടുത്തത്. ഇവിടെ മദ്യപാനം പതിവായിരുന്നെന്ന് റൂറൽ എസ് പി ദിവ്യ ഗോപിനാഥ് പറഞ്ഞു. ഇന്നലെ രാത്രിയും ഇവർ മദ്യപിച്ചു. ഇതിനിടെ പാടിയ പാട്ടിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന