നേതൃത്വം നിശ്ചയിച്ച 150 രൂപ പോലും നൽകാൻ അണികൾ തയ്യാറല്ല, ആകെയുള്ള ആശ്വാസം മലപ്പുറത്ത് നിന്ന്: കാശില്ലാതെ വഴിമുട്ടി മുസ്ളിം ലീഗ്
മലപ്പുറം: മുസ്ളിം ലീഗ് പ്രവർത്തന ഫണ്ട് കാമ്പെയിൻ പാളിയതോടെ, സമാഹരിക്കാനായത് ലക്ഷ്യമിട്ടതിന്റെ മൂന്നിലൊന്ന് തുക. 33 കോടി രൂപ ലക്ഷ്യമിട്ടപ്പോൾ 11.54 കോടിയാണ് ലഭിച്ചത്. താഴേത്തട്ടിലെ സംഘടനാ ദൗർബല്യവും, ഭാരവാഹികൾ വേണ്ടത്ര ഉണരാതിരുന്നതും തിരിച്ചടിയായെന്നാണ് പാർട്ടി വിലയിരുത്തൽ. ജനപ്രതിനിധികൾക്കും ഭാരവാഹികൾക്കും പ്രത്യേക ക്വാട്ട നിശ്ചയിക്കുകയും, വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. ഹദിയ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും ക്യൂആർ കോഡും ഉപയോഗിച്ചാണ് ഫണ്ട് സമാഹരിച്ചത്.
ലീഗിന് 22.5 ലക്ഷം അംഗങ്ങളുണ്ട്. ഒരംഗത്തിൽ നിന്ന് 150 രൂപ നിരക്കിൽ 33 കോടിയാണ് ലക്ഷ്യമിട്ടത്. റംസാൻ വ്രതമാരംഭിച്ച ഏപ്രിൽ മൂന്നു മുതൽ മേയ് മൂന്ന് വരെയായിരുന്നു ഫണ്ട് കാമ്പെയിൻ. പ്രതീക്ഷിച്ച പിരിവ് ലഭിക്കാത്തതിനാൽ ഫണ്ട് ശേഖരണം മേയ് 31വരെയാക്കി. ഏപ്രിലിൽ ആറ് കോടി പിരിഞ്ഞുകിട്ടിയപ്പോൾ, മേയ് അവസാന ആഴ്ച വരെ ഒന്നരക്കോടിയേ ലഭിച്ചിരുന്നുള്ളൂ. പിന്നാലെ, നിശ്ചയിച്ച തുക പിരിക്കാത്തവർക്കെതിരെ നടപടി മുന്നറിയിപ്പ് നൽകി. ഫണ്ട് ശേഖരണം വിലയിരുത്താൻ നിരീക്ഷകരെയും ഏർപ്പെടുത്തി. അവസാന ദിവസം ലഭിച്ചത് രണ്ട് കോടിയോളം രൂപയാണ്. ഫണ്ട് പിരിവിനായി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജമാക്കിയിരുന്നു.
ആശ്വാസമായി മലപ്പുറം
മലപ്പുറം ജില്ലയ്ക്ക് 11 കോടിയാണ് ക്വാട്ട നിശ്ചയിച്ചത്. ഇതിൽ 5.59 കോടി ലഭിച്ചു. കോഴിക്കോട്ടെ അഞ്ചരക്കോടിയുടെ ക്വാട്ടയിൽ 84.09 ലക്ഷവും കണ്ണൂരിലെ നാലരക്കോടിയിൽ 79.85 ലക്ഷവുമാണ് കിട്ടിയത്. പാലക്കാടിന് രണ്ടരക്കോടിയും തൃശൂരിന് രണ്ട് കോടിയും നിശ്ചയിച്ചപ്പോൾ യഥാക്രമം 63.21, 21.48 ലക്ഷം എന്നിങ്ങനെയാണ് ലഭിച്ചത്. മറ്റു ജില്ലകളിലേത്(ലക്ഷത്തിൽ)- കാസർകോട് -46.68, വയനാട് -20.57, എറണാകുളം- 33.33, കോട്ടയം- 10.21, ആലപ്പുഴ-14.46, ഇടുക്കി-3.33, പത്തനംതിട്ട- 3.18, കൊല്ലം-10.21, തിരുവനന്തപുരം-10.64.
പ്രവാസി സംഘടനയായ കെ.എം.സി.സിയിൽ നിന്ന് ലഭിച്ചത് 68.68 ലക്ഷമാണ്. ലക്ഷ്യമിട്ട ഫണ്ട് ലഭിക്കാത്തതിനാൽ ലീഗ് ജനപ്രതിനിധികളോട് 15 ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടിട്ടുണ്ട്. ഗൾഫിൽ ഒരു മാസം കൂടി ഫണ്ട് പിരിവ് തുടരും. 15 കോടിയിൽ എത്തിക്കാനാവുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.