പിഴ അടയ്ക്കാത്തതിന് പോലീസ് ഒരു മണിക്കൂർ റോഡിൽ തടഞ്ഞിട്ടു; ചികിത്സ കിട്ടാതെ പിഞ്ചു കുഞ്ഞ് മരിച്ചു
ഹൈദരാബാദ്: ട്രാഫിക് പൊലീസ് ഒരു മണിക്കൂറോളം വാഹനം തടഞ്ഞിട്ടതിനെ തുടർന്ന് ചികിത്സ വൈകിയ മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു. തെലങ്കാന സ്വദേശി സരസ്വതിയുടെ മകൻ രേവന്താണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഞ്ഞിനെ ചൊവ്വാഴ്ച ജങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അവിടെയുള്ള ഡോക്ടർമാരുടെ നിർദേശപ്രകാരം കുഞ്ഞിനെ ഹൈദരാബാദിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ യാദഗിരിഗുട്ടയിൽ വച്ച് പൊലീസ് തടയുകയും ഡ്രൈവർ സീറ്റ്ബെൽറ്റിടാത്തതിന് 1000രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയാണെന്ന് അറിയിച്ചെങ്കിലും ഇളവ് നൽകാൻ പൊലീസ് തയാറായില്ല. തുടർന്ന് അരമണിക്കൂറിന് ശേഷം പണം എത്തിച്ചപ്പോഴാണ് പോകാൻ അനുവദിച്ചതെന്ന് സരസ്വതി പറഞ്ഞു.
ആശുപത്രിയിലെത്തിയപ്പോൾ കുട്ടിക്ക് അനക്കമില്ലായിരുന്നു. അര മണിക്കൂർ മുമ്പ് കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കൃത്യസമയത്ത് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നുവെന്ന് സരസ്വതി നിറകണ്ണുകളോടെ പറഞ്ഞു. എന്നാൽ, അടിയന്തര സന്ദർഭങ്ങളിൽ പോകുന്ന വാഹനങ്ങൾ തടയാറില്ലെന്നും ഇത്തരം സാഹചര്യങ്ങളുണ്ടായാൽ സഹായിക്കാറാണ് പതിവെന്നും യാദഗിരിഗുട്ട ട്രാഫിക് സി ഐ പറഞ്ഞു