രണ്ടാനമ്മയുടെ കൊടുംക്രൂരത, മുഖത്ത് ആസിഡൊഴിച്ചു, കനൽവഴികൾ താണ്ടി രൂപ, ഇന്ന് ഡിസൈനർ
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നുള്ള രൂപ 2008 -ലാണ് ആസിഡ് ആക്രമണത്തിന് ഇരയാവുന്നത്. ഉറങ്ങുമ്പോൾ രണ്ടാനമ്മ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. അതോടെ അവളുടെ ജീവിതം മാറിമറിഞ്ഞു. പിന്നീട്, ഒരു സംഘടനയുടെ സഹായത്തോടെ അവൾ കനൽവഴികൾ താണ്ടി തന്റെ ജീവിതം തിരിച്ച് പിടിച്ചു. അവളുടെ മുഖത്തിന് മാത്രമേ അവർക്ക് പൊള്ളലേൽപ്പിക്കാൻ സാധിച്ചുള്ളൂ, സ്വപ്നങ്ങളെയല്ല. ഇന്നവൾ കഴിവുറ്റ ഒരു വസ്ത്ര ഡിസൈനറാണ്, സ്വന്തമായി ഒരു ബുട്ടീക്കും അവൾ നടത്തുന്നു. ആസിഡ് ആക്രണത്തിന്റെ വേദനാജനകമായ അനുഭവം അവൾ ലോജിക്കൽ ഇന്ത്യയിൽ പങ്കിടുന്നു.
രൂപയുടെ സഹോദരനെ പ്രസവിക്കുന്നതിനിടയിലാണ് അവളുടെ അമ്മ മരിക്കുന്നത്. തുടർന്ന് അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. ആദ്യവിവാഹത്തിൽ മക്കളില്ലെന്ന് കള്ളം പറഞ്ഞാണ് വിവാഹം നടന്നത്. എന്നാൽ, സത്യം അറിഞ്ഞപ്പോൾ രണ്ടാം ഭാര്യയുടെ വിധം മാറി. അവർ രാപ്പകൽ അവളെയും സഹോദരനെയും പീഡിപ്പിച്ചു. സദാസമയവും തല്ലും വഴക്കുമായി. വീട്ടുജോലികളെല്ലാം കുഞ്ഞുങ്ങളെ കൊണ്ട് ചെയ്യിച്ചു. അമ്മയുടെ മരണശേഷം കുറച്ചുകാലം രൂപ അമ്മാവനോടൊപ്പം ഡൽഹിയിൽ താമസിച്ചു. രൂപയുടെ മുത്തശ്ശി മരിച്ചപ്പോൾ കുറച്ച് പണവും വസ്തുവകകളും അവളുടെ പേരിൽ എഴുതി വച്ചിരുന്നു. ഇത് അറിഞ്ഞ അച്ഛനും രണ്ടാനമ്മയും അവളെ ദില്ലിയിൽ നിന്ന് തിരികെ കൊണ്ടുവന്നു. പണവും മറ്റും രണ്ടാനമ്മയുടെ പേരിലേക്ക് മാറ്റി. അവളുടെയും അനുജന്റെയും പഠിപ്പ് നിർത്തി.
എന്നാൽ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും രണ്ടാനമ്മയ്ക്ക് തൃപ്തിയായില്ല. രണ്ട് സഹോദരങ്ങളെയും കൊല്ലാൻ തന്നെയായിരുന്നു അവളുടെ ചിന്ത. വിഷം കലർത്തിയ ചായ നൽകി കൊലപ്പെടുത്താൻ വരെ ഒരിക്കൽ അവർ ശ്രമിച്ചു. പലപ്പോഴും രൂപയെ അവർ തല്ലിച്ചതയ്ക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം രാത്രി അവൾ ക്ഷീണിച്ച് ഉറങ്ങുമ്പോൾ രണ്ടാനമ്മ അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. അന്ന് രൂപയ്ക്ക് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആസിഡ് അവളുടെ ശരീരത്തെ മാത്രമല്ല പൊള്ളിച്ചത്, മനസിനെയും കൂടിയായിരുന്നു. സങ്കൽപ്പിക്കാൻ കഴിയാത്ത വേദനയും ആഘാതവും അവൾക്ക് അനുഭവപ്പെട്ടു.
“ഞാൻ വേദന സഹിക്കാൻ കഴിയാതെ തെരുവിലൂടെ കരഞ്ഞുകൊണ്ട് ഓടി. എന്റെ മുഖം വെന്തുരുകുന്നത് ആളുകൾ ഭയത്തോടെ കണ്ടു. പക്ഷേ ആരും സഹായത്തിനെത്തിയില്ല. ആസിഡ് ആക്രമണത്തിന് ഇരയായ ഒരാളെ ആദ്യമായാണ് അവർ കാണുന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ അവർ സ്തംഭിച്ചു നിന്നു” അവൾ പറഞ്ഞു. ഒടുവിൽ ഗ്രാമത്തലവൻ അവളെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സ ലഭിക്കാൻ 6 മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. ഇത്രയൊക്കെയായിട്ടും രണ്ടാനമ്മയുടെ വൈരാഗ്യം തീർന്നില്ല. ആശുപത്രിയിൽ വച്ച് രണ്ടാനമ്മ അവൾക്ക് ജ്യൂസിൽ വിഷം കലർത്തി നല്കാൻ ശ്രമിച്ചു.
എന്നാൽ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്ന നഴ്സുമാരുടെ നിർദ്ദേശമുണ്ടായിരുന്നത് കൊണ്ട് അവൾ രക്ഷപ്പെട്ടു. ഒടുവിൽ അവൾ രണ്ടാനമ്മക്കെതിരെ പൊലീസിൽ കേസ് കൊടുത്തു. അവരെ അറസ്റ്റ് ചെയ്തുവെങ്കിലും, ഏതാനും മാസങ്ങൾക്കുള്ളിൽ ജയിലിൽ നിന്ന് വിട്ടയച്ചു. രൂപയോട് അവർക്ക് മുമ്പത്തേക്കാൾ കൂടുതൽ ദേഷ്യമായി. വീണ്ടും രൂപയെ കൊല്ലാൻ ശ്രമിച്ചു. പക്ഷേ ഈ പ്രാവശ്യം വീട്ടിൽ നിന്ന് അവൾ ഓടിപ്പോയി.
ഒടുവിൽ ആസിഡ് ആക്രമണത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ചാൻവ് എന്ന സംഘടനയുമായി അവൾ ബന്ധപ്പെട്ടു. അവർ അവളെ ചികിത്സയിൽ സഹായിക്കുകയും, സാമ്പത്തികമായി സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാക്കുകയും ചെയ്തു. ഇതുവരെ, പതിനാറോളം ശസ്ത്രക്രിയകൾക്ക് വിധേയയായി അവൾ. ഇനിയും ശസ്ത്രക്രിയകൾ ബാക്കിയുണ്ട്. ഇത്രയേറെ മുറിവുകൾ ഉണ്ടായിട്ടും മറികടക്കാൻ സാധിക്കാത്തതായി ഒരു വേദനയും, സങ്കടവുമില്ലെന്ന് അവൾ പറയുന്നു.