പേരിന് പകരം ചോദ്യചിഹ്നം, കലിപ്പൻ നോട്ടം; വിക്രത്തിലെ സൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, ആവേശത്തോടെ ആരാധകർ
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതിഥി താരമായി സൂര്യ ചിത്രത്തിൽ എത്തുന്നു എന്നതും പ്രത്യേകതയാണ്.
ഇപ്പോഴിതാ ചിത്രത്തിലെ സൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ. സൂര്യയുടെ കഥാപാത്രത്തിന്റെ പേര് പോലും വെളിപ്പെടുത്തിയിട്ടില്ല. പകരം ചോദ്യചിഹ്നം മാത്രമാണ് കൊടുത്തിരിക്കുന്നത്.
ചിത്രത്തിലെ സൂര്യയുടെ വേഷത്തെക്കുറിച്ച് മറ്റൊരു വിവരങ്ങളും സംവിധായകൻ പുറത്തുവിട്ടിരുന്നില്ല. ക്ലൈമാക്സിനോടടുത്തായിരിക്കും താരത്തിന്റെ സാന്നിദ്ധ്യമുണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ.
മാനഗരം, കെെതി, മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ലോകേഷ് കനകരാജ് വിക്രം ഒരുക്കുന്നത്. ജൂൺ മൂന്നിന് ഈ ബിഗ് ബഡ്ജറ്റ് ചിത്രം തിയേറ്ററുകളിലെത്തും. ലോകേഷും രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന് ആണ് ഛായാഗ്രാഹകന്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിർവഹിക്കുന്നു.