ഫേസ്ബുക്കിലൂടെ ഇന്ത്യക്കാരനുമായി പ്രണയത്തിലായി; കാമുകനെ കാണാൻ കടുവകൾ നിറഞ്ഞ സുന്ദർബന്നിലൂടെ ബംഗ്ലാദേശി യുവതി നീന്തിയത് മണിക്കൂറുകൾ
കൊൽക്കത്ത: ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാൻ അതിർത്തി കടന്ന് സുന്ദർബൻ വനത്തിലൂടെ മണിക്കൂറുകളോളം നീന്തിക്കടന്ന് 22കാരി. ബംഗ്ലാദേശ് സ്വദേശി കൃഷ്ണയാണ് കാമുകനായ കൊൽക്കത്ത സ്വദേശി അഭിക് മണ്ഡലിനെ തേടി എത്തിയത്. ഫേസ്ബുക്കിലൂടെയാണ് ഇവർ പരിചയപ്പെട്ടതും പ്രണയത്തിലായതും. കൃഷ്ണയ്ക്ക് പാസ്പോർട്ട് ഇല്ലാത്തതിനാലാണ് അനധികൃതമായി അതിർത്തി കടന്നത്.
റോയൽ ബംഗാൾ കടുവകൾക്ക് പേരുകേട്ട സുന്ദർബൻ വനത്തിലേയ്ക്കാണ് കൃഷ്ണ ആദ്യം എത്തിയത്. തുടർന്ന് നദിയിലേയ്ക്ക് ചാടി ഒരു മണിക്കൂറിലധികം നീന്തിയാണ് ലക്ഷത്തിലെത്തിയത്. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലെ ബാലേശ്വർ നദിയാണ് കൃഷ്ണ അതിസാഹസികമായി നീന്തിക്കടന്നത്. പാസ്പോർട്ടില്ലാതെ എങ്ങനെ കൊൽക്കത്തയിലെത്തുമെന്ന് കാമുകനുമായി ആലോചിച്ചതിനെ തുടർന്നാണ് നദി നീന്തിക്കടക്കാമെന്ന് തീരുമാനിച്ചത്.
കൃഷ്ണയുടെ സാഹസികമായ നീന്തലിനൊടുവിൽ, ഇരുവരും വിവാഹിതരാവുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് കൊൽക്കത്ത കാളിഘട്ട് ക്ഷേത്രത്തിൽ വച്ചാണ് കൃഷ്ണയും അഭിക്കും വിവാഹിതരായത്. എന്നാൽ, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ യുവതിയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് ഒരു ബംഗ്ലാദേശി കൗമാരക്കാരൻ ചോക്ലേറ്റ് വാങ്ങാനായി നദി നീന്തിക്കടന്ന് ഇന്ത്യയിലേയ്ക്ക് എത്തിയിരുന്നു.