വഴി ചോദിച്ച് സ്കൂട്ടറിലെത്തിയ ആൾ കാൽനടയാത്രക്കാരിയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ചു
കൊല്ലം: നടന്നുപോകുകയായിരുന്ന സ്ത്രീയോട് വഴി ചോദിച്ച് അടുത്തുകൂടി സ്വർണ്ണമാല കവർന്ന് സ്കൂട്ടർ യാത്രികൻ. വഴി പറഞ്ഞുകൊടുക്കാൻ സ്ത്രീ ശ്രമിക്കുന്നതിനിടെയാണ് പ്രതി രണ്ടര പവന്റെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞത്. അനിൽ കുമാർ എന്നയാളുടെ വിലാസമാണ് പ്രതി അന്വേഷിച്ചത്. കൊല്ലം വിളക്കുടി ഗവ. എൽപിഎസിന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുന്നിക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഷണം നടന്നത്.
കുളപ്പുറം വിജിത് ഭവനിൽ ഷൈലജകുമാരിയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. വിളക്കുടിയിൽ നിന്ന് ആവണീശ്വരം റെയിൽവേ സ്റ്റേഷൻ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷൈലജ. പ്രതിയെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. സമീപത്തുള്ള സിസിടിവികൾ പരിശോധിച്ചുവെന്നും ഇതിൽ നിന്ന് സ്കൂട്ടർ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. യമഹ റേ സ്കൂട്ടറിലാണ് പ്രതി എത്തിയത്. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമല്ലെന്നും അത് തിരിച്ചറിയാൻ വിദഗ്ധരുടെ സഹായം തേടുമെന്നും സംശയം തോനുന്നവരെ ചോദ്യം ചെയ്യുമെന്നും കുന്നിക്കോട് പൊലീസ് പറഞ്ഞു.
വിളക്കുടിയിൽ നിന്ന് ആവണീശ്വരം റെയിൽവേ സ്റ്റേഷൻ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷൈലജ കുമാരിയോട് വിലാസം ചോദിച്ചാണ് മോഷ്ടാവ് എത്തിയത്. വിളക്കുടി ഭാഗത്തേക്കാണ് ഇയാൾ പോയതെന്നു ഇവർ പൊലീസിനു മൊഴി നൽകി. സമീപത്തെ വീടുകളിലെ സിസിടിവി പരിശോധിച്ച പൊലീസ് മോഷണം നടത്തിയതെന്നു സംശയിക്കുന്നയാളിന്റെ ഫോട്ടോ പുറത്തു വിട്ടു