മയക്കുമരുന്ന് കടത്തിയ വാഹനം പണം വാങ്ങി വിട്ടുനല്‍കി; മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്ഷന്
പഴയങ്ങാടി: മയക്കുമരുന്ന് കടത്തുകയായിരുന്ന വാഹനം പണം വാങ്ങി വിട്ടുനല്‍കിയ കേസില്‍ ഇന്‍സ്പെക്ടര്‍, എസ്.ഐ., സി.പി.ഒ. എന്നിവര്‍ക്ക് സസ്പെന്ഷന്.
പഴയങ്ങാടി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.ഇ. രാജഗോപാല്‍, എസ്.ഐ. പി.ജി. ജിമ്മി, സി.പി.ഒ. ശാര്‍ങ്ധരന്‍ (ഇപ്പോള്‍ പയ്യന്നൂര്‍) എന്നിവരെയൊണ് ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഈസ്റ്ററിന്റെ തലേദിവസം പഴയങ്ങാടിക്ക് സമീപം മാട്ടൂല്‍, പഴയങ്ങാടി സദേശികളായ രണ്ട് യുവാക്കള്‍ സഞ്ചരിച്ച കാറില്‍നിന്നാണ് മയക്കുമരുന്ന് പിടിച്ചത്.
ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ കസ്റ്റഡിയിലെടുത്തെങ്കിലും തൊണ്ടിമുതലായ വാഹനം രേഖപ്പെടുത്താതെ ഉടമയ്ക്ക് വിട്ടുകൊടുത്തു. ഇതിനായി പണം വാങ്ങുകയും ചെയ്തു.
ഇടനിലക്കാരനായ വ്യക്തി കാര്‍ ഉടമയുമായി സംസാരിക്കുകയും ഉടമയില്‍നിന്ന് 60,000 രൂപ വാങ്ങി അതില്‍ 30,000 രൂപ ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. പിടികൂടിയ വാഹനം സ്റ്റേഷന് രേഖയില്‍ രേഖപ്പെടുത്താത്തത് എസ്.ഐ. ജിമ്മിക്കും ഇടനിലക്കാരനുമായി ഫോണില്‍ സംസാരിച്ചത് സി.പി.ഒ. ശാര്‍ങ്ധരനും വിനയായി.