തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ അമ്മയെ കണ്ട് രാത്രി മക്കള്‍ക്കൊപ്പം മടങ്ങിയ യുവതിയെയും മക്കളെയും ബൈക്കിലെത്തിയ സംഘം മര്‍ദിച്ചു.മര്‍ദനമേറ്റ കുറ്റിച്ചല്‍ കല്ലറതോട്ടം ആര്.കെ.വില്ലയില്‍ രജിയുടെ ഭാര്യ സുനിത(38) മക്കളായ സൂരജ്(22) സൗരവ്(19)എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അക്രമികളെ കണ്ടെത്താന്‍ ഇതുവരെ പൊലീസിനായില്ല. ബുധനാഴ്ച രാത്രി പേയാടുള്ള കുടുംബ വീട്ടില്‍പോയി സുനിതയുടെ അമ്മയെ കണ്ടശേഷം മക്കളുമൊത്ത് ബൈക്കില്‍ കുറ്റിച്ചലിലെ വീട്ടിലേക്ക് പോകവെ 11 മണിയോടെ പൂവച്ചലിന് സമീപം മുളമൂട്ടില്‍ വച്ചാണ് കുടുംബത്തെ ആക്രമിച്ചത്.
നക്രാംചിറയെത്തിയപ്പോള് പിന്നില്‍ നിന്ന് 2 ബൈക്കുകളില്‍ വന്നവര്‍ അമ്മയെയും മക്കളെയും കൂക്കി വിളിച്ച് അസഭ്യം പറഞ്ഞ് പിന്നാലെ കൂടി.മുളമൂടെത്തിയതോടെ ബൈക്ക് റോഡ് വക്കില്‍ നിര്‍ത്തി മകന് അവരെ ചോദ്യം ചെയ്തതോടെ പിന്തുടര്ന്ന് വന്നവര്‍ അമ്മയെയും മക്കളെയും മര്‍ദിച്ചു.അമ്മയും മക്കളുമാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും അക്രമികള്‍ വിട്ടില്ല. മക്കള്‍ ചെറുത്ത് നില്‍പ്പ് തുടര്‍ന്നതോടെ അക്രമികള്‍ ഫോണില്‍ കൂടുതല്‍ പേരെ വിളിച്ച് വരുത്തി.മിനിറ്റുകള്‍ക്കുള്ളില്‍ കാറിലെത്തിയ 2 പേരും അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് അമ്മയെയും മക്കളെയും മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തുമ്ബോള്‍ അക്രമികള്‍ വാഹനങ്ങളുമായി കടന്നു.
അക്രമികളെ പിന്തിരിപ്പിക്കാന് ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. അക്രമികളിലൊരാളുടെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് വന്നതാണെന്ന് മനസിലാക്കിയാണ് വിട്ടയച്ചതെന്നും ഇയാള്‍ ആക്രമിച്ചില്ലെന്ന് മര്‍ദനമേറ്റവര്‍ പറഞ്ഞതായും പൊലീസ് അറിയിച്ചു.