കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിച്ച് ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ദ്ധക ചികിത്സ
കുവൈത്ത് സിറ്റി: ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ദ്ധക ചികിത്സ നടത്തിയ പ്രവാസി വനിത കുവൈത്തില്‍ അറസ്റ്റിലായി. ലൈസന്‍സില്ലാതെ ചികിത്സയിച്ചത് പുറമെ അനുമതിയില്ലാത്ത സ്ഥലത്തുവെച്ചാണ് ചികിത്സ നടത്തിയതെന്നും കാലാവധി കഴിഞ്ഞ മരുന്നുകളാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ്, ആരോഗ്യ മന്ത്രാലയം, മാന്‍പവര്‍ പബ്ലിക് അതോരിറ്റി എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അറബ് വംശജയാണ് പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സൗന്ദര്യ വര്‍ദ്ധന ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നത് രാജ്യത്ത് ലൈസന്‍സില്ലാത്ത ഉപകരണങ്ങളാണെന്നും പരിശോധനയില്‍ കണ്ടെത്തി. കുവൈത്തിലെ താമസ നിയമങ്ങളും തൊഴില്‍ നിയമങ്ങളും ഇവര്‍ ലംഘിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായ സ്ത്രീക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.