നരേന്ദ്ര മോദിയുടെ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ദോഷകരമാകുമെന്ന് അമേരിക്കയുടെ ആധികാരിക ഗവേഷണ ഏജന്‍സിയായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട്.
അമേരിക്ക ഔദ്യോഗികമായി തന്നെ പൗരത്വനിയമത്തിനെതിരായ നിലപാടെടുക്കുമെന്ന സൂചനയാണ് സിആര്‍സി റിപ്പോര്‍ട്ടിലൂടെ പുറത്തു വരുന്നത്.
ഭേദഗതിയിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പൗരത്വം നിര്‍ണയിക്കുന്നതില്‍ മതം മാനദണ്ഡമായി മാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പൗരത്വ രജിസ്റ്ററുമായി ചേര്ത്തുവയ്ക്കുമ്ബോള് പൗരത്വ നിയമ ഭേദഗതി 20 കോടിയോളം വരുന്ന ഇന്ത്യന്‍ മുസ്ലിങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
മൂന്നു രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തുന്ന ആറു മതത്തില്പെട്ടവര്ക്കാണ് ഭേദഗതി പ്രകാരം പൗരത്വം നല്‍കുന്നത്. മുസ്ലിങ്ങളെ ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ചില അനുച്ഛേദങ്ങളെ ലംഘിക്കുന്നതാണ് നിയമ ഭേദഗതിയെന്നും സിആര്‍എസ് റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നുണ്ട്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമിതി തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. ഈ മാസം പതിനെട്ടിനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
അമേരിക്കയുടെ ഇരുസഭകളിലെയും പ്രതിനിധികള്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങളില്‍ ആധികാരിക വിവരങ്ങള്‍ നല്‍കുന്നത് സിആര്‍സി ആണ്. സിആര്‍സി നല്കുന്ന റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തിലാണ് പ്രതിനിധിസഭയിലെ അംഗങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നതും അമേരിക്ക നയങ്ങള്‍ രൂപപ്പെടുത്തുന്നതും.