ബുർജ് ഖലീഫയ്ക്ക് വെല്ലുവിളിയായി ‘നിയോം’; ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങൾ നിർമിക്കാനൊരുങ്ങി സൗദി അറേബ്യ
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങൾ നിർമിക്കാനൊരുങ്ങി സൗദി അറേബ്യ. ‘നിയോം’ എന്ന പേരിൽ നടത്തുന്ന 500 ബില്യൺ ഡോളറിന്റെ വികസന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലാണ് കെട്ടിടങ്ങൾ നിർമിക്കുന്നത്. 2017ലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം നടന്നത്.
സൗദിയുടെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനാണ് പദ്ധതിയുടെ ബുദ്ധികേന്ദ്രം. 500 മീറ്റർ (1640 അടി) ഉയരത്തിൽ മൈലുകൾ നീളമുള്ള ഇരട്ട അംബരചുംബികളാണ് പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നത്. ചുവന്ന കടൽ തീരത്ത് നിന്ന് മരുഭൂമിയിലേക്ക് നീണ്ടുകിടക്കുന്ന രീതിയിൽ നിർമിക്കുന്ന കെട്ടിടങ്ങളിൽ താമസസൗകര്യവും ഓഫീസ്, കച്ചവട സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള സ്ഥലവും ഉണ്ടാകും. ഹൈപ്പർ സ്പീഡ് നിർമിക്കാൻ തീരുമാനിച്ച പദ്ധതി പിന്നീട് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങൾ നിർമിക്കുക എന്നതിലേക്ക് മാറുകയായിരുന്നു.
രാജ്യത്തെ വികസിതമല്ലാത്ത പ്രദേശത്തെ ഒരു ഹൈടെക് സംസ്ഥാനമാക്കി മാറ്റാനുള്ള മുഹമ്മദ് രാജകുമാരന്റെ സ്വപ്നമാണ് യാഥാർത്ഥ്യമാവുന്നത്. പദ്ധതിയ്ക്ക് ആവശ്യമായി വരുന്ന ഭീമമായ തുകയ്ക്കപ്പുറം സമാന രീതിയിൽ മുന്നോട്ട് വച്ച പല പദ്ധതികളും പൂർത്തിയാകാതെ പോയതുപോലെയാകുമോ ഇതെന്ന ആശങ്ക വ്യാപകമായി ഉയരുന്നുണ്ട്. എന്നാൽ തൊഴിലാളികൾ മുതൽ ശതകോടീശ്വരൻമാരെ വരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സുസ്ഥിര ആധുനിക നഗരത്തെ നിർമിക്കുന്നതായിരിക്കും പദ്ധതിയെന്ന് നിയോമിന്റെ ഉപദേശക സമിതി അംഗമായ അലി ശിഹാബി പറഞ്ഞു.