16 കാരിയായ പെൺകുട്ടിയെ 14 തവണ കുത്തിയ യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
ട്രിച്ചി: പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് പതിനാറുകാരിയെ 14 തവണ കുത്തിയ യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്മനാട് ട്രിച്ചിയിലാണ് സംഭവം. പെൺകുട്ടിയെ കുത്തിയ 22 കാരനായ പോതമേട്ടു സ്വദേശിയായ കേശവനെയാണ് മരിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്.
സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട ഇയാളെ രാത്രിയോടെ മണപ്പാറയ്ക്ക് സമീപത്തുള്ള റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മൃതദേഹം ഇയാളുടെ പിതാവ് തിരിച്ചറിഞ്ഞു.
ട്രിച്ചി അതികുളം സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് കേശവൻ കുത്തി പരിക്കേൽപ്പിച്ചത്. പരീക്ഷ കഴിഞ്ഞ് ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ റെയിൽവേ മേൽപാലത്തിൽ വച്ചാണ് പ്രതി തുടരെ കുത്തിയത്.
പാലത്തിൽ വച്ച് ഇയാൾ പെൺകുട്ടിയെ തടഞ്ഞുനിറുത്തുകയും പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. ഇതിനെ തുടർന്നാണ് ഇയാൾ പെൺകുട്ടിയെ ആക്രമിച്ചത്. തുടർന്ന് ഇയാൾ കത്തി സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
പാലത്തിലൂടെ പോയ വഴിയാത്രക്കാരാണ് പെൺകുട്ടിയെ രക്ഷിച്ച് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണെന്നാണ് വിവരം.
2021 ജൂണിൽ ഇതേ പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയിരുന്നു. ഈ കേസിൽ കേശവനെ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് പോക്സോ കുറ്റം ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. അടുത്തിടെയാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്.