ലോകത്ത് ഒരിടത്തും ഹൈസ്പീഡ് ട്രെയിൻ കാര്യമായി നിലത്തുകൂടി ഓടുന്നില്ല; സിൽവർ ലൈൻ അംഗീകരിക്കാതിരിക്കാൻ ഏഴ് കാരണങ്ങളുണ്ടെന്ന് ഇ ശ്രീധരൻ
കൊല്ലം: സിൽവർലൈൻ പദ്ധതിക്കെതിരെ വീണ്ടും കടുത്ത വിമർശനങ്ങളുമായി മെട്രോമാൻ ഇ. ശ്രീധരൻ. തട്ടിക്കൂട്ടിയ ഡി.പി.ആറാണ് കേന്ദ്രത്തിന്റെ അനുമതിക്കായി സമർപ്പിച്ചതെന്നതിനാൽ അനുമതി ലഭിച്ചേക്കില്ലെന്നും അദ്ദേഹം കൊല്ലത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനുമതി ലഭിച്ചാലും ഭേദഗതികൾ വേണ്ടിവരുമെന്നതിനാൽ ഡി.പി.ആർ പരിഷ്കരിക്കാൻ മൂന്ന് വർഷമെങ്കിലുമെടുക്കും. പദ്ധതിയോടുള്ള തന്റെ എതിർപ്പിന്റെ ഏഴ് കാരണങ്ങളും അദ്ദേഹം നിരത്തി. കുണ്ടറ ആസ്ഥാനമായുള്ള വേലുത്തമ്പി സ്മാരക സമിതിയുടെ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു അദ്ദേഹം.
ഏഴ് കാരണങ്ങൾ
1. 391 കിലോ മീറ്റർ നിലത്തുകൂടി കടന്നുപോകുന്നതാണ് ഒന്നാമത്തെ പ്രശ്നം. ലോകത്ത് ഒരിടത്തും ഹൈസ്പീഡ് ട്രെയിൻ കാര്യമായി നിലത്തുകൂടി ഓടുന്നില്ല. എംബാങ്ക്മെന്റിന്റെ ഭാരം മൂലം മണ്ണ് താഴ്ന്ന് വിള്ളലുണ്ടാകുന്നത് അപകടം വരുത്തും.
2. പാതയിൽ ഇരുഭാഗത്തും വരുന്ന മതിൽ കേരളത്തെ രണ്ടായി വിഭജിക്കും. 800 ഓവർബ്രിഡ്ജുകൾ നിർമ്മിച്ച് പരിഹരിക്കുമെന്നാണെങ്കിൽ ചെലവ് അതിഭീമമായിരിക്കും.
3. 140 കിലോമീറ്റർ വയലിലൂടെ കടന്നുപോകുന്നിടത്തെ കൃഷി നശിക്കും. മുറിക്കേണ്ടിവരുന്ന മരങ്ങൾക്കും കണക്കില്ല. ഒന്നിലധികം അലൈൻമെന്റുകൾ പരിശോധിച്ച് മെച്ചപ്പെട്ടത് തിരഞ്ഞെടുത്തില്ല.
4. 50,000 കോടിയുടെ ചെലവിൽ മറ്റ് പല ചെലവുകളും ഉൾപ്പെട്ടിട്ടില്ല. പൂർത്തിയാക്കാൻ 1,25,000 കോടിയെങ്കിലും വേണം. സ്ഥലം എത്ര വേണമെന്ന് കണക്കാക്കിയിട്ടില്ല. ബഫർ സോൺ കണക്കിലില്ല. ഒൻപതിനായിരത്തിന് പകരം ഇരുപതിനായിരം കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരും.
5. അഞ്ചുകൊല്ലം കൊണ്ട് പൂർത്തിയാകില്ല. ഭീകര നാശം വിതയ്ക്കുന്ന പദ്ധതിക്ക് പാരിസ്ഥിതിക പഠനവും അനുമതിയും അനിവാര്യം.
6. പദ്ധതിക്ക് തത്വത്തിലുള്ള ഭരണാനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളത്.
7. ഡി.എം.ആർ.സി നേരത്തെ ഹൈസ്പീഡ് പ്രോജക്ടിനായി നടത്തിയ ട്രാഫിക് സ്റ്റഡിയിലെ അക്കങ്ങൾ മാറ്റിയിട്ടതാണ് ഡി.പി.ആർ. ഗുഡ്സ് ട്രെയിൻ ഓടിച്ചാൽ അറ്റകുറ്റപ്പണി നടക്കില്ല.