കുട്ടനാട്:തോമസ് ചാണ്ടി എംഎൽഎയുടെ നിര്യാണത്തോടെ കുട്ടനാട് ഉപതെരഞ്ഞെടുപ്പിലേക്ക്. നടപ്പ് നിയമസഭ നിലവിൽ വന്നശേഷം ജില്ലയിൽ ചെങ്ങന്നൂരിലും അരൂരിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നു. അതിനുശേഷം നടക്കുന്ന മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പാകും ഇത്. ആറുമാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തണം. അതിനാൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പേ ഉപതെരഞ്ഞെടുപ്പു നടക്കും.
2006മുതൽ കുട്ടനാട് മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിച്ച തോമസ് ചാണ്ടി 2006ലും 2011ലും കെ സി ജോസഫിനെയും 2016ൽ അഡ്വ. ജേക്കബ് എബ്രഹാമിനെയുമാണ് പരാജയപ്പെടുത്തിയത്. 4891 വോട്ടിനായിരുന്നു ജയം.
13 പഞ്ചായത്തുകളാണ് മണ്ഡലത്തിൽ–- വീയപുരം, തകഴി, നെടുമുടി, കൈനകരി, രാമങ്കരി , കാവാലം , നീലംപേരൂർ, വെളിയനാട്, ചമ്പക്കുളം, തലവടി, മുട്ടാർ, പുളിങ്കുന്ന്, എടത്വ. ഏഴു പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരിക്കുന്നു. ഒരു പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ യുഡിഎഫ് വിമതനാണ് പ്രസിഡന്റ്.ആകെ വോട്ടർമാർ: 1,65,712. പുരുഷവോട്ടർമാർ 48.49 ശതമാനം. സ്ത്രീ വോട്ടർമാർ 51.51 ശതമാനം.