മറ്റൊരാളുടെ പാസ്പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമം; ദുബൈ വിമാനത്താവളത്തില്‍ പ്രവാസി യുവതി പിടിയിൽ
ദുബൈ: മറ്റൊരാളുടെ പാസ്പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച യുവതി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. വിമാനത്താവളത്തിലെ പതിവ് പരിശോധനയില്‍ തന്നെ പാസ്പോര്‍ട്ടിലെ വ്യത്യാസം പരിശോധന നടത്തിയ ഉദ്യോഗസ്ഥ തിരിച്ചറിയുകയായിരുന്നു.
പാസ്പോര്‍ട്ടിലെ ചിത്രവും യുവതിയുടെ മുഖവും വ്യത്യസ്തമാണെന്ന് വിമാനത്താവളത്തില്‍ പരിശോധന നടത്തിയ വനിതാ പാസ്പോര്‍ട്ട് ഓഫീസര്‍ കണ്ടെത്തി. തുടര്‍ന്ന് മറ്റ് സംവിധാനങ്ങളുടെ സഹായത്തോടെ പാസ്പോര്‍ട്ട് വിശദമായി പരിശോധിച്ചപ്പോള്‍ മാറ്റം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിച്ചു.
ദുബൈ പൊലീസ് കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് കോടതിയിലെത്തി. കേസ് പരിഗണിച്ച കോടതി ഇവര്‍ക്ക് കഴിഞ്ഞ ദിവസം മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.