ഭക്ഷണം കഴിച്ച ശേഷം വിഷബാധയുണ്ടെന്ന് ആരോപിച്ച് പണം തട്ടാന്‍ ശ്രമം
മലപ്പുറം: ഭക്ഷണം കഴിച്ചശേഷം ഭക്ഷണത്തില്‍ രുചിവ്യത്യാസവും പഴക്കവും മറ്റും ആരോപിച്ച് ഫുഡ് സേഫ്റ്റി അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നു. ഹോട്ടലുടമകളെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. കഴിഞ്ഞ ദിവസം വേങ്ങരയിലെ ഒരു സ്ഥാപനത്തില്‍ സമാനസംഭവം നടന്നതായി സ്ഥാപന ഉടമ വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പുസംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ബിസിനസ്സ് തകര്‍ച്ച ഭയന്നാണ് ഉടമകള്‍ പണം നല്കി ഇങ്ങനെ ഒത്തുതീര്‍പ്പിലേക്ക് പോകുന്നത്.
ഭക്ഷണം കഴിച്ചശേഷം നാല് പേരടങ്ങിയ സംഘം ഇറച്ചിക്കറിക്ക് മോശം രുചിയും മണവുമാണെന്ന് ക്യാഷ് കൗണ്ടറില്‍ അറിയിച്ചു. ഉടമയില്ലാത്തതിനാല്‍ തങ്ങളെ ഫോണില്‍ വിളിക്കണമെന്ന് പറഞ്ഞ് മൊബൈല്‍ നമ്പര്‍ നല്കി സംഘം പോകുകയുമായിരുന്നു. ഉടമയെത്തിയ ശേഷം നല്കിയ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഒത്തുതീര്‍ക്കാനെന്ന പേരില്‍ 40,000രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉടമ പറഞ്ഞു. ഇവരുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വ്യക്തി നേരത്തെ വേങ്ങരയില്‍ സമാനമായ രീതിയില്‍ മറ്റൊരു സ്ഥാപനത്തില്‍നിന്ന് കഴിച്ച ഭക്ഷണത്തില്‍ തകരാറുണ്ടായെന്നും അതോടെ കട അടക്കേണ്ടി വന്നുവെന്നും ഈ അവസ്ഥ വരാതിരിക്കാനാണ് തുക നല്കി ഒതുക്കുന്നതെന്നും പറഞ്ഞതോടെയാണ് സംഭവത്തിന് പിന്നില്‍ ബ്ലാക്ക് മെയില്‍ സംഘമാണെന്ന് വ്യക്തമായത്.