ഈ ഗൾഫ് രാജ്യത്ത് പ്രവാസികൾക്ക് താമസസ്ഥലം വാടകയ്ക്ക് എടുക്കുന്നതിനെക്കാളും താത്പര്യം വിലയ്ക്ക് വാങ്ങി സ്വന്തമാക്കാൻ
ദുബായ് : യു എ ഇയിൽ ചെറുപ്പക്കാരായ പ്രവാസികൾ താമസ സ്ഥലം വാടകയ്ക്ക് ലഭ്യമാക്കുന്നതിനെക്കാളും താത്പര്യപ്പെടുന്നത് സ്വന്തമായി വാങ്ങാൻ. റിയൽ എസ്റ്റേറ്റ് കമ്പനികൾ നൽകുന്ന വിവരങ്ങളാണ് ഇത് ശരിവയ്ക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ കണക്ക് പരിശോധിച്ചാൽ ദുബായിൽ പ്രോപ്പർട്ടികൾ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയാണ്. ദീർഘകാല അടിസ്ഥാനത്തിൽ ദുബായിൽ താമസിക്കേണ്ടി വരുന്ന പ്രൊഫഷണലുകളാണ് ജീവിതം ഇവിടെ സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നത്. പുതുതായി ആരംഭിക്കുന്ന പ്രോജക്ടുകളിലെ ഫ്ളാറ്റുകൾ അതിവേഗമാണ് വിറ്റുതീരുന്നത്. ഇതിൽ ലോഞ്ച് ചെയ്ത ഒന്നാം ദിവസം തന്നെ പ്രോപ്പർട്ടികൾ വിറ്റുപോയ സംഭവം വരെയുണ്ട്.
മിക്ക റിയൽഎസ്റ്റേറ്റ് കമ്പനികളും ഫ്ളാറ്റുകൾ വാങ്ങുന്നവർക്ക് ദീർഘകാലത്തിൽ വായ്പകൾ ലഭ്യമാക്കുന്നുണ്ട്. 20000 ദിർഹം വരുമാനമുള്ളവർക്ക് ദുബായിലെ ഇഷ്ടമുള്ള വാസസ്ഥാനം ഇതിനാൽ തന്നെ സ്വന്തമാക്കാനും കഴിയുന്നുണ്ട്. ഇപ്പോൾ ദുബായിൽ പ്രോപ്പർട്ടി വാങ്ങാൻ താത്പര്യപ്പെടുന്നവരിൽ ഏറെയും മുപ്പത് വയസ് പോലും എത്താത്ത പ്രൊഫഷണലുകളാണ്. വാടകയ്ക്ക് ഫ്ളാറ്റെടുക്കുന്നതിനെക്കാളും അവർ താത്പര്യപ്പെടുന്നത് സ്വന്തമായി വാങ്ങി താമസിക്കുന്നതിനാണ്. കൊവിഡിന് ശേഷം ദുബായിൽ മറ്റുരാജ്യങ്ങളിൽ നിന്നും എത്തിയവരടക്കം ഒരു ലക്ഷത്തിന് പുറത്ത് അധികം ആളുകളുണ്ട്. അതിനാൽ തന്നെ റിയൽ എസ്റ്റേറ്റ് രംഗത്ത് കുതിപ്പിന്റെ ദിനങ്ങളാണ് ഇപ്പോൾ. യുഎഇ, ഇന്ത്യ, പാകിസ്ഥാൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലുള്ളവർക്ക് പുറമേ യുകെ, ജർമ്മനി, ഫ്രാൻസ്, റഷ്യ എന്നീ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ദുബായിലേക്ക് സ്ഥിരമായി വീടുകൾ സ്വന്തമാക്കി ചേക്കേറാൻ ആളുകൾ താത്പര്യപ്പെടുന്നു.