കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയത് ആര് ?; ഒഴിയാതെ ദുരൂഹത
കോഴിക്കോട്: കോഴിക്കോട് വിദേശത്ത് നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം കസ്റ്റംസിനെ ഏൽപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. സംഭവത്തിന് പുറകിൽ സ്വർണക്കടത്ത് സംഘമെന്ന നിഗമനത്തെ തുടർന്നാണിത്. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളാണെന്ന സൂചന പുറത്ത് വന്നതോയൊണ് പൊലീസിന്റെ നീക്കം. കേസിലെ ദുരൂഹത നീക്കാന്‍ കസ്റ്റംസിനാകുമെന്നാണ് പൊലീസ് കരുതുന്നത്. ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി തിരികെയെത്തിച്ച കുന്ദമംഗലം സ്വദേശി യാസിറിനോ ഇയാളുടെ കുടുംബാംഗങ്ങളോ പരാതി നൽകാത്തതിനാൽ കേസ്സെടുക്കാനാവില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മകൻ നാട്ടിലെത്തുന്ന കാര്യം നേരത്തെ അറിയില്ലെന്ന് യാസിറിന്റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ യാസിറിനെയാണ് ശനിയാഴ്ച അർദ്ധരാത്രി താമരശ്ശേരി ചുരത്തിൽ വെച്ച് കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വിദേശത്ത് നിന്നെത്തിയ യാസിര്‍ വയനാട്ടിലേക്കുള്ള യാത്രയിലായിരുന്നു. താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിൽ വച്ച് ഇയാൾ സഞ്ചരിച്ച ഇന്നോവ കാര്‍ ഒരു സംഘം ആക്രമിക്കുകയും യാസിറിനെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. വീട്ടിലേക്ക് പോകാതെ യാസിര്‍ എവിടേക്ക് പോവുകയായിരുന്നുവെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല.
ചുരത്തില്‍ വച്ച് കാര്‍ അപകടത്തില്‍പ്പെട്ടെന്നാണ് ആദ്യം വിചാരിച്ചതെന്ന് സംഭവത്തിന്റെ ദൃക് സാക്ഷിയും റിസോർട്ട് ജീവനക്കാരനുമായ രജ്ഞിത്ത് പറയുന്നു. ‘ആദ്യം അപകടം എന്നാണ് വിചാരിച്ചത്. വണ്ടികളൊക്കെ ബ്ലോക്ക് ആയിരുന്നു. ഒരു കാറിലേക്ക് ഒരാളെ പിടിച്ച് കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കുറെ ആളുകളുണ്ടായിരുന്നു. ഇവരുടെ കൂടെ ഉളളതാണോ എന്നറിയില്ല. പിന്നെ പൊലീസ് വരുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം അറിയുന്നത്. അപ്പോഴേക്കും വണ്ടിമാത്രമേ ഉണ്ടായിരുന്നുളളൂ. ആളുകളൊക്കെ പോയി’- രജ്ഞിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.