വ്യാജ വീഡിയോ പ്രചരിപ്പിച്ച ലത്തീഫ് തങ്ങളുടെ പ്രവർത്തകനല്ല
കൊച്ചി: തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത കേസിൽ പിടിയിലായ മലപ്പുറം സ്വദേശി അബ്ദുൾ ലത്തീഫ് തങ്ങളുടെ പ്രവർത്തകനല്ലെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ് രംഗത്ത്. ലത്തീഫിന് ലീഗുമായി യാതൊരു ബന്ധവുമില്ലെന്നാണ് ലീഗിന്റെ പ്രാദേശിക നേതൃത്വം പറയുന്നത്.
മലപ്പുറം കോട്ടക്കൽ സ്വദേശിയായ അബ്ദുൾ ലത്തീഫിനെ കൊച്ചി പോലീസിന്റെ പ്രത്യേക സംഘമാണ് ഇന്ന് കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്. വീഡിയോ പ്രചരിപ്പിച്ച കേസിൽ പൊലീസ് അഞ്ച് പേരെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.
അബ്ദുൾ ലത്തീഫിനെ ഉച്ചയോടെ തൃക്കാക്കരയിലെത്തിക്കും. ഇയാൾ മുസ്ലീം ലീഗ് അനുഭാവിയാണെന്ന് പൊലീസ് പറഞ്ഞു. ഔദ്യോഗിക ഭാരവാഹിത്വം ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വ്യാജ ട്വറ്റർ ഐഡി ഉപയോഗിച്ചായിരുന്നു വീഡിയോ ട്വീറ്റ് ചെയ്തത്.
വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെ രാത്രി ട്വിറ്റർ അധികൃതർ കൊച്ചി പൊലീസ് കമ്മിഷണർക്ക് കൈമാറിയിരുന്നു. ഫേസ്ബുക്കിലും അബ്ദുൾ ലത്തീഫ് തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഫേസ്ബുക്ക് അധികൃതരിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.