കുതിരവട്ടത്തുനിന്ന് ഭിത്തി തുറന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുളിമുറി ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചു. റിമാൻഡ് പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് അപകടത്തിൽ മരിച്ചത്.
ഇന്നലെ അർദ്ധരാത്രിയാണ് ഇയാൾ ഭിത്തി തുരന്ന് രക്ഷപ്പെട്ടത്. മൂന്നാം വാർഡിലെ സിംഗിൾ സെല്ലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. സ്പൂൺ ഉപയോഗിച്ചാണ് ഭിത്തി തുരന്നതെന്നാണ് പൊലീസിന്റെ നിഗമനം.
റിമാൻഡ് പ്രതി ആയതിനാൽ തന്നെ വാച്ചർമാർക്ക് പകരം സെല്ലിന് പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരുന്നത്. ഇവിടെ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. മൂന്ന് ദിവസത്തോളമെടുത്താണ് ഭിത്ത് തുരക്കൽ പൂർത്തിയാക്കിയതെന്നാണ് പ്രാഥമിക വിവരം.
മലപ്പുറത്തേക്ക് പോകുന്ന വഴി കോട്ടയ്ക്കലിൽ വച്ചാണ് ഇന്നലെ രാത്രി വാഹനാപകടം സംഭവിച്ചത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സമീപത്തുകൂടി നടന്നുപോയ ഇയാൾക്ക് പരിക്കേറ്റത്. തുടർന്ന് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
സുരക്ഷാ വീഴ്ചയാണ് അന്തേവാസി രക്ഷപ്പെടാൻ കാരണമെന്നാണ് വിവരം. സുരക്ഷയ്ക്കായി ആകെ നാല് ജീവനക്കാരാണ് ഇവിടെയുള്ളത്. സംഭവത്തെക്കുറിച്ച് സൂപ്രണ്ട് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.