മകൾ കൂട്ടബലാത്സംഗത്തിനിരയായതോടെ സ്വദേശത്തേക്ക് മടങ്ങാനൊരുങ്ങി ദമ്പതികൾ; പൂപ്പാറ കേസിൽ രണ്ട് പേർ കൂടി പിടിയിൽ
ഇടുക്കി: തേയിലത്തോട്ടത്തിൽവച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ മകളായ പതിനഞ്ചുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പൂപ്പാറ സ്വദേശികളെയാണ് ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ എന്നിവരെയും പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും മറ്റൊരു കൂട്ടുകാരനും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇരുവരും പശ്ചിമബംഗാൾ സ്വദേശികളാണ്.
ഞായറാഴ്ച വൈകിട്ട് നാലരയോടെ പൂപ്പാറ ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ തേയില തോട്ടത്തിലായിരുന്നു സംഭവം. പെൺകുട്ടിയും സുഹൃത്തും ഓട്ടോയിലാണ് ഇവിടേക്ക് വന്നത്. ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് സുഹൃത്ത് മദ്യം വാങ്ങിയിരുന്നു.
തേയിലത്തോട്ടത്തിൽ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കവേയാണ് പ്രതികൾ ഇവിടേക്ക് വന്നത്. സുഹൃത്തിനെ മർദിച്ച് ഓടിച്ച ശേഷം പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് പെൺകുട്ടിയെ മജിസ്ട്രേറ്റിനു മുമ്പിലെത്തിച്ച് രഹസ്യ മൊഴിയെടുത്തു.
പശ്ചിമ ബംഗാൾ സ്വദേശിയാണ് പെൺകുട്ടി. രാജക്കാട് ഖജനപ്പാറയിൽ തോട്ടംതൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. രണ്ടാഴ്ച മുൻപാണ് പെൺകുട്ടിയും കുടുംബവും കേരളത്തിലെത്തിയത്. ദാരിദ്ര്യം മൂലം കുട്ടിയുടെ പഠനം പോലും ഉപേക്ഷിച്ചാണ് ദമ്പതികൾ ഇടുക്കിയിലെത്തിയത്. പീഡന വിവരമറിഞ്ഞതോടെ എത്രയും പെട്ടെന്ന് സ്വദേശത്തേക്ക് മടങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം.