ബ്രാൻഡഡ് ഷർട്ട്, ഷൂസ്, ആഡംബര ഹോട്ടലിൽ താമസം; പിടിയിലാകാതിരിക്കാൻ ഇടയ്ക്കിടെ വരുത്തുന്ന രൂപമാറ്റം വേറെയും; ഗുരുവായൂർ സ്വർണക്കവർച്ചാകേസിലെ പ്രതി കടുത്ത കെജിഎഫ് ആരാധകനും
തൃശൂർ: ഗുരുവായൂർ സ്വർണക്കവർച്ചാ കേസിലെ പ്രതി ധർമ്മരാജനെ കുടുക്കിയത് കൈയിലെ പച്ചകുത്താണെന്ന് പൊലീസ്. മോഷണശേഷം ഒരു തെളിവും ബാക്കി വയ്ക്കാതെ മുങ്ങിയതാണെങ്കിലും സിസിടിവി കാമറയിൽ പ്രതിയുടെ പച്ചകുത്ത് വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് ഇതിന്റെ പിന്നാലെയായി പൊലീസിന്റെ അന്വേഷണം.മകന്റെ പേരായ വിജയ് ധനുഷി എന്നായിരുന്നു കൈയിലെ പച്ച കുത്ത്. തുടർന്ന് കേരളത്തിലെയും തമിഴ്നാട്ടിലെയും ക്രൈം റെക്കോർഡുകൾ പരിശോധിച്ചാണ് പൊലീസ് സംഘം ധർമരാജിലേക്ക് എത്തിയത്.
പ്രവാസി സ്വർണ്ണവ്യാപാരിയുടെ വീട്ടിൽ നിന്നും ഒന്നരക്കോടി വിലവരുന്ന മൂന്നേ മുക്കാൽ കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്നാണ് ഇയാൾ മുങ്ങിയത്. സ്വന്തം നാടായ ഛണ്ഡീഗഡിൽ എത്തിയ ശേഷം ദിവസങ്ങളോളം അവിടത്തെ ആഡംബര ഹോട്ടലിലായിരുന്നു താമസം.വെറും പത്ത് ദിവസത്തെ താമസത്തിന് ഒരു ലക്ഷം രൂപയാണ് ഹോട്ടൽ വാടകയായി നൽകിയത്. ധർമരാജനെ അന്വേഷണ സംഘം അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തത്. തമ്പുരാൻപടിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തെളിവെടുപ്പിനെത്തിച്ചപ്പോൾ 40 മിനിട്ട് കൊണ്ട് വന്ന വഴിയും വീടിനകത്ത് കയറിയ രീതിയും സ്വർണമെടുത്തതുമെല്ലാം വള്ളിപുള്ളി വിടാതെ ധർമരാജൻ പൊലീസിനോട് പറഞ്ഞു. മോഷ്ടിച്ച ബൈക്കിലാണ് വീട്ടിലെത്തിയത്. മതിൽ ചാടിക്കടന്ന് വീടിന് പിറകിലൂടെ മുകൾ നിലയിലേക്ക് കയറിയ രീതിയും കൃത്യമായി അവതരിപ്പിച്ചു.ആ അലമാര കാണാനില്ലല്ലോ എന്നായിരുന്നു അകത്ത് കയറിയ ശേഷം പ്രതി ചോദിച്ചത്. വീട്ടുടമ സ്വർണബിസിനസ് അവസാനിപ്പിച്ച് നാട്ടിലെത്തിയതിനാൽ ബാറുകളാക്കിയാണ് സ്വർണം സൂക്ഷിച്ചിരുന്നത്. കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് പ്രതി സ്വർണവും പണവും കവർന്നത്.
ആ അലമാര കേടുവരുത്തിയതു കൊണ്ടാണ് മുറിയിൽ നിന്നും മാറ്റിയത്.ഇത്രയധികം സ്വർണം ആദ്യമായിട്ടാണ് കാണുന്നതെന്നും അട്ടിയട്ടിയായി ഇരിക്കുന്നതു കണ്ടപ്പോൾ കണ്ണു തള്ളിപ്പോയെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ആദ്യം കയറിയ മുറിയിൽ നിന്നും ഇത്രയധികം സ്വർണം കിട്ടിയതോടെ മറ്റു മുറികളിലേക്കൊന്നും പോകാനും മുതിർന്നില്ല. വിരലടയാളം കിട്ടാതിരിക്കാനായി സ്പർശിച്ചയിടങ്ങളെല്ലാം തുണി കൊണ്ട് മായ്ക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു.
മോഷണക്കേസിൽ ആദ്യമായല്ല ധർമരാജൻ പ്രതി ചേർക്കപ്പെടുന്നത്. മൂന്ന് മാസം മുമ്പ് തഞ്ചാവൂർ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കെതിരെ തമിഴ്നാട്ടിൽ ലുക്കൗട്ട് നോട്ടീസുണ്ട്.ജില്ലയിൽ പഴയന്നൂർ, മണ്ണുത്തി, ഒല്ലൂർ സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും പാലക്കാട് ജില്ലയിലെ തൃത്താല, ഷൊർണൂർ സ്റ്റേഷനുകളിലും 17ഓളം കേസുകളുണ്ട്. എറണാകുളത്തെ അങ്കമാലി, എളമക്കര സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് കേസുണ്ട്.
പൊലീസിന്റെ കൈയിൽ പെടാതിരിക്കാൻ പ്രതി പലവേഷവും കെട്ടി. ഹെയർ സ്റ്റൈലിലും ഡ്രസിംഗിലുമെല്ലാം ആ വ്യത്യാസം കൊണ്ടുവന്നു. ആദ്യം അരക്കൈ ഷർട്ട് ധരിച്ചിരുന്നയാൾ പിന്നീട് മുടി കളർ ചെയ്ത് ഹെയർസ്റ്റൈൽ മാറ്റിയ ശേഷം ഫുൾസ്ലീവ് ധരിക്കാൻ തുടങ്ങി. ബ്രാൻഡഡ് വസ്ത്രങ്ങൾ, ഷൂസുകൾ എന്നിവയും ധർമരാജിന്റെ വീക്ക്നെസായിരുന്നു.
ഈ മാസം 12ന് വൈകീട്ട് ഏഴരയോടെയാണ് വീട്ടുകാർ തൃശൂരിൽ സിനിമയ്ക്ക് പോയ സമയത്ത് സ്വർണ്ണവ്യാപാരിയായ കുരഞ്ഞിയൂർ തമ്പുരാൻപടി അശ്വതിയിൽ ബാലന്റെ വീട്ടിൽ മോഷണം നടന്നത്.അറസ്റ്റിലാകുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ധർമരാജന്റെ വാട്സാപ്പ് സ്റ്റാറ്റസ് കെജിഎഫ് സിനിമയിലെ ഹിറ്റ് ഡയലോഗായിരുന്നു. ഈ ലോകത്തിലെ എല്ലാ സ്വർണവും ഞാൻ അമ്മയ്ക്ക് കൊണ്ടു തരും. മോഷണശേഷം സ്വർണത്തിന്റെ ചിത്രം പ്രതി സുഹൃത്തുക്കൾക്ക് കാണിച്ചു കൊടുത്തിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.