പ്രദേശവാസിക്ക് സൗജന്യപാസ് അനുവദിക്കാത്ത ടോൾ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് കോടതി
തൃശൂർ: റെസിഡെൻഷ്യൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ സൗജന്യ പാസ് നിഷേധിച്ചതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ പാസും 2500 രൂപയും നൽകി ടോൾപ്ളാസ അധികൃതർ. ഒല്ലൂർ പന്തൽ റോഡിലെ ജോസഫ് കാരക്കടയാണ്, ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർക്കെതിരെയും എൻ.എച്ച്.എ.ഐയുടെ പ്രൊജക്ട് ഇംപ്ലിമേഷൻ യൂണിറ്റിനെതിരെയും തൃശൂർ കോർപറേഷൻ സെക്രട്ടറിക്കെതിരെയും കളക്ടർക്കെതിരെയും ഹർജി നൽകിയത്.
ടോൾ പ്ലാസയുടെ പത്ത് കിലോമീറ്റർ ദൂരപരിധിയിൽ താമസിച്ചിരുന്നതിനാൽ ജോസഫിന് സൗജന്യ യാത്രാ പാസ് ലഭിച്ചിരുന്നു. ഇത് പുതുക്കാൻ സമീപിച്ചപ്പോൾ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിലായിരുന്നു ടോൾ പ്ലാസ അധികൃതർ. ടോൾ പ്ലാസയിലെ സൗജന്യ പാസ് പുതുക്കലിന് റെസിഡെൻഷ്യൽ സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും പുതിയ ഗവണ്മെന്റ് ഓർഡർ പ്രകാരം ടോൾ പ്ലാസ അധികൃതർക്ക് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ അധികാരമില്ലെന്നും കോർപറേഷനും അറിയിച്ചു.
ഈ വിവരം ടോൾ പ്ലാസ അധികൃതരെ അറിയിച്ചെങ്കിലും സൗജന്യ പാസ് പുതുക്കി നൽകാൻ നടപടിയുണ്ടായില്ല. തുടർന്ന് തൃശൂർ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിക്കവേ, റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ തന്നെ സൗജന്യ പാസ് പുതുക്കി നൽകാമെന്ന് കോടതിയിൽ അധികൃതർ അറിയിക്കുകയായിരുന്നു. റെസിഡെൻഷ്യൽ സർട്ടിഫിക്കറ്റ് ഒഴികെയുള്ള രേഖകൾ കൈപ്പറ്റി സൗജന്യ പാസ് അനുവദിച്ച്, ചെലവിലേക്ക് ഹർജിക്കാരന് 2500 രൂപയും നൽകി. പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ എസ്.ശ്രീജ, ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിയിൽ, ഹർജിക്കാരനായി അഡ്വ.എ.ഡി.ബെന്നി ഹാജരായി