ന്യൂഡൽഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യത്തു നടക്കുന്ന പ്രക്ഷോഭങ്ങളെ വിമർശിച്ച കരസേന മേധാവി ബിപിൻ റാവത്തിന്റെ നടപടി തെറ്റാണെന്ന് മുൻ നാവികസേന അഡ്മിറൽ ജനറൽ എൽ. രാംദാസ്. സായുധ സേനയിലുള്ളവർ രാഷ്ട്രീയ ശക്തികളെയല്ല, രാജ്യത്തെയാണ് സേവിക്കേണ്ടതെന്നും അതാണ് സേനകൾ പിന്തുടരുന്ന നയമെന്നും അദ്ദേഹം പറഞ്ഞു. സേനാംഗങ്ങൾ രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതു ശരിയല്ലെന്നും രാംദാസ് ചൂണ്ടിക്കാട്ടി.
രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ സമരമാണെന്നും അത്തരത്തിൽ ജനങ്ങളെ നയിക്കുന്നവർ യഥാർഥ നേതാക്കൾ അല്ലെന്നുമാണ് കരസേന മേധാവി ബിപിൻ റാവത്ത് പറഞ്ഞത്. തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കൾ. പല സർവകലാശാലകളിലും കോളജുകളിലും വിദ്യാർഥികൾ ആൾക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നതാണ് നമ്മൾ കാണുന്നത്. ഇതിനെ നേതൃത്വം എന്നു കരുതാനാവില്ലെന്നും അദ്ദേഹം വിമർശിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യമെങ്ങും വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിലാണു കരസേനാ മേധാവിയുടെ പ്രതികരണം. രാഷ്ട്രീയമായ ഒരു വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിച്ച് സേനാ മേധാവി രംഗത്തുവന്നത് പുതിയ ചർച്ചയ്ക്കു വഴിവച്ചിട്ടുണ്ട്. കരസേന മേധാവി പോലെ നിഷ്പക്ഷ സ്ഥാനത്തിനിരിക്കുന്ന ഒരാൾ പക്ഷം ചേർന്നു സംസാരിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ കോണുകളിൽ നിന്നു വിമർശനങ്ങൾ ഉയർന്നത്.
പ്രതിഷേധങ്ങൾക്കെതിരേ സംസാരിച്ച കരസേനാ മേധാവിയുടെ നടപടി ഭരണഘടന ജനാധിപത്യത്തിന് എതിരാണെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി. രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്തിയാൽ നാളെ പ്രതിഷേധങ്ങൾക്ക് നേരെ നടപടിയെടുക്കാനും അദ്ദേഹത്തിന് അനുമതിയുണ്ടാകുമെന്ന് കോണ്ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ ട്വിറ്ററിൽ ചൂണ്ടിക്കാട്ടി. കരസേനാ മേധാവിയെ കുറ്റപ്പെടുത്തി എഐഎംഐഎം നേതാവ് അസദുദീൻ ഉവൈസിയും സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി.
അതേസമയം, സായുധ സേനകൾക്ക് ഒറ്റ തലവൻ എന്ന രീതിയിൽ സർക്കാർ രൂപം നൽകിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിയിലേക്ക് എത്തുന്ന പ്രഥമ ഓഫീസർ ബിപിൻ റാവത്ത് ആയിരിക്കുമെന്നാണ് സൂചന. ഡിസംബർ 31നാണ് അദ്ദേഹം കരസേന മേധാവി സ്ഥാനത്തുനിന്നു വിരമിക്കുന്നത്.