സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി ശ്രദ്ധയില്ലാതെ ‘പര്‍ച്ചേസ്’ ചെയ്യല്ലേ, പണി കിട്ടും
സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയാല്‍ വേണ്ടതും വേണ്ടാത്തതുമെല്ലാം ഒരുപോലെ വാങ്ങിക്കൂട്ടുന്നവരുണ്ട്. പെട്ടെന്ന് പാക്കേജ്ഡ് ഭക്ഷണങ്ങളോടെല്ലാം ആകര്‍ഷണം തോന്നുന്നവര്‍. എന്നാല്‍ ഇത്തരത്തില്‍ പാക്ക് ചെയ്ത് വരുന്ന ഭക്ഷണങ്ങള്‍/ പ്രോസസ്ഡ് ഫുഡ് വലിയ രീതിയിലാണ് ആരോഗ്യത്തെ മോശമാക്കി തീര്‍ക്കുക.
പലപ്പോഴും കുട്ടികളാണ് ഈ പ്രശ്നത്തിന് ഇരകളായി മാറുന്നത്. പാക്കേജ്ഡ് ഭക്ഷണങ്ങളോട് എളുപ്പത്തില്‍ ആകര്ഷണത്തിലാകുന്നത് കുട്ടികളാണ്. അവരുടെ വാശിക്ക് മുമ്പില്‍ മുട്ടുകുത്തുന്നവരാണ് മിക്ക മാതാപിതാക്കളും. ഇത് എത്രമാത്രമാണ് അവരുടെ ആരോഗ്യത്തെ വെല്ലുവിളിയിലാക്കുക എന്നത് ഒരുപക്ഷേ നിങ്ങള്‍ ചിന്തിക്കുന്നുണ്ടായിരിക്കില്ല.
ഏത് ഭക്ഷണസാധനവും ആകട്ടെ, അത് ‘പര്‍ച്ചേസ്’ ചെയ്യും മുമ്പ് തന്നെ അതിന്റെ ഗുണനിലവാരവും ആവശ്യകതയും വിലയിരുത്തിയിരിക്കണം. നമ്മള് കടകളില്‍ കാണുന്ന എല്ലാ തരം പാക്കേഡ്ജ് ഭക്ഷണങ്ങളും ആരോഗ്യത്തിന് വലിയ വെല്ലുവിളിയാകുന്നതല്ല. ഇവയില്‍ ചിലതാണ് പ്രശ്നക്കാര്‍. അവ ഏതെല്ലാമെന്ന് അറിയാം. അതിന് മുമ്പ് പ്രശ്നക്കാരല്ലാത്ത ചിലവയെയും അറിയാം.
പ്രോസസ്ഡ് ഭക്ഷണം എല്ലാം ഒഴിവാക്കേണ്ടതില്ല
പ്രോസസ്ഡ് ഫുഡ് എന്നാല്‍ ഒരു ഭക്ഷണപദാര്‍ത്ഥം ഉപയോഗിക്കാന്‍ പര്യാപ്തമാക്കുന്നതിന് മുമ്പായി പല ഘട്ടങ്ങളിലായി പല തരം സംസ്കരണത്തിന് വിധേയമാക്കുന്നതാണ്. ഇത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനോ, കേടാകാതിരിക്കുന്നതിന് പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നതോ, നിറത്തിനോ മണത്തിനോ രുചിക്കോ വേണ്ടി കൃത്രിമമായ ഘടകങ്ങള്‍ ചേര്‍ക്കുന്നതോ എല്ലാം ആകാം. ഇവയില്‍ ചില പ്രക്രിയകള്‍ നമുക്ക് ആവശ്യമാണ്. മറ്റ് ചിലത് ആരോഗ്യത്തിന് ഹാനികരവും.
ഇതില്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രോസസ് ചെയ്യുന്നത് നല്ലതാണ്. പാല് പാസ്ചറൈസേഷന് വിധേയമാക്കുന്നത് പോലെ. അതുപോലെ ഭക്ഷണസാധനങ്ങള്‍ കേടാകാതിരിക്കാൻ പ്രിസര്‍വേറ്റീവ് ചേര്‍ക്കുന്നതും ഒരു പരിധി വരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. പ്രത്യേകിച്ച് പയറുവര്‍ഗങ്ങള്‍, ധാന്യങ്ങളുടെ പൊടികള്‍ എന്നിങ്ങനെയുള്ള നിത്യോപയോഗ സാധനങ്ങളില്‍. ചില ഭക്ഷണപദാര്ത്ഥങ്ങളാണെങ്കില് പ്രകൃതിയില്‍ നിന്ന് എങ്ങനെ കിട്ടുന്നോ അങ്ങനെ തന്നെ ഉപയോഗിക്കല്‍ സാധ്യമല്ലാതെ വരാം. അതിന് വേണ്ടിയും പ്രോസസ് ചെയ്യാം. കുക്കിംഗ് ഓയിലുകളൊക്കെ ഇതിനുദാഹരണമാണ്.
പ്രോസസ്ഡ് ഭക്ഷണം പ്രശ്നമാകുന്നത് എപ്പോള്‍?
പ്രോസസ്ഡ് ഭക്ഷണങ്ങളെ തന്നെ പലതായി തിരിച്ചിട്ടുണ്ട്. ഇതില്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്ന പട്ടികയില്‍ വരുന്നവയാണ് കൂടുതല്‍ അപകടകാരികള്‍. കാനില്‍ വരുന്ന പാനീയങ്ങള്‍, ചിപ്സ്, റെഡി ടു ഈറ്റ് ഫുഡ്, ഫ്രോസണ്‍ ഫുഡ്സ് എന്നിവയെല്ലാം അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളാണ്.
ദീര്‍ഘകാലത്തേക്ക് കേടാകാതിരിക്കാന്‍ വേണ്ടി വലിയ അളവില്‍ പ്രിസര്‍വേറ്റീവുകള്‍ അടക്കം പലതും ചേര്‍ത്താണ് ഇവ തയ്യാറാക്കുന്നത്. ഉപ്പ്, പഞ്ചസാര എന്നിവയുടെയെല്ലാം അളവ് ഇത്തരം ഭക്ഷണങ്ങളില്‍ കൂടുതലായിരിക്കും.
അതുപോലെ കാഴ്ചയ്ക്കുള്ള ആകര്ഷണത്തിനും നിറത്തിനും മണത്തിനും രുചിക്കുമെല്ലാം ചേര്‍ക്കുന്ന കൃത്രിമമായ ഘടകങ്ങള്‍ വേറെ.
കാര്‍ബണേറ്റഡ് പാനീയങ്ങളെല്ലാം ഇതിനുദാഹരണമാണ്. വലിയ അളവില്‍ മധുരവും ഉപ്പും അടങ്ങിയതാണ് ഈ പാനീയങ്ങള്‍. ഏത് പ്രായക്കാരില്‍ വേണമെങ്കിലും ഷുഗര്സാധ്യത വര്‍ധിപ്പിക്കാന്‍ ഇവ കാരണമാകുന്നു. അതുപോലെ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് അമിതവണ്ണത്തിലേക്കും നയിച്ചേക്കാം. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു പോഷകവും ലഭിക്കില്ലെന്ന് മാത്രമല്ല പല ദോഷങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു. ചില പഠനങ്ങള്‍ പറയുന്നത്, ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ക്രമേണ ക്യാന്‍സറിന് വരെ കാരണമാകുമെന്നാണ്.